മുട്ടം ഇനി പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത്
പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനമൊരുക്കി മാതൃകയാവുകയാണ് ഇടുക്കി ജില്ലയിലെ മുട്ടം ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരള മിഷന്റെ ഭാഗമായി മാലിന്യ സംസ്‌കരണം ജനപങ്കാളിത്തത്തോടെ എന്ന ലക്ഷ്യം സഫലീകരിക്കുകയാണ് മുട്ടം പഞ്ചായത്തിന്റെ പുതിയ പദ്ധതിയിലൂടെ. പ്ലാസ്റ്റിക് കത്തിക്കുന്നതും, അലക്ഷ്യമായി വലിച്ചെറിയുന്നതും പകര്‍ച്ച വ്യാധികളുടെ അതിവ്യാപനത്തിന് കാരണമാകുന്നു എന്ന തിരിച്ചറിവാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിന് ബദല്‍ സംവിധാനമൊരുക്കാന്‍ പഞ്ചായത്ത് അധികൃതരെ പ്രേരിപ്പിച്ചത്.
പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന ശേഖരിക്കും. ഇതിനായി പ്രത്യേക കളക്ഷന്‍ ബാഗുകള്‍ പഞ്ചായത്ത് സൗജന്യമായി വിതരണം ചെയ്യും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴുകി ഉണക്കി ഈ കളക്ഷന്‍ ബാഗുകളില്‍ നിക്ഷേപിക്കണം. മൂന്ന് മാസം കൂടുമ്പോള്‍ ഈ കളക്ഷന്‍ ബാഗുകള്‍ ഹരിത സേനാംഗങ്ങള്‍ വീടുകളില്‍ എത്തി ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ ഹരിതകര്‍മ്മസേന പുന:ചംക്രമണത്തിന് വിധേയമാക്കും.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി തയ്യാറാക്കിയ കളക്ഷന്‍ ബാഗുകളുടെ വിതരണം വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡ് കുട്ടിയമ്മ മൈക്കിള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും. അശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന് പുതുമാതൃക തീര്‍ക്കുകയാണ് ഇതിലൂടെ മുട്ടം ഗ്രാമപഞ്ചായത്ത്.
- Log in to post comments