കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാന്‍ ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍
കുട്ടികളുടെ വളര്‍ച്ചയെയും മാനസിക വികാസത്തെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെയും വൈകല്യങ്ങളെയും മുന്‍കൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കാനുമായി ജില്ലകള്‍ തോറും നടപ്പാക്കിയ നൂതന സംവിധാനമാണ് ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍. സ്പെഷ്യലിസ്റ്റുകളായ ശിശുരോഗ വിദഗ്ധര്‍, ഡെന്റല്‍ സര്ജന്, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ് തുടങ്ങിയ വിദഗ്ധരായ ജീവനക്കാരുടെ സേവനം ലഭ്യമാകുന്ന പ്രത്യേക ആരോഗ്യ കേന്ദ്രമാണിത്. ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത കുഞ്ഞുങ്ങള്‍ക്ക് ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കും. തുടര്‍ നിരീക്ഷണവുമുണ്ടാകും. ആവശ്യമെങ്കില്‍ സ്പെഷ്യാലിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് റഫര്‍ ചെയ്യും.
സേവനങ്ങള്‍
ജനനം മുതല്‍ 18 വയസ്സ് വരെയുള്ള വൈകല്യങ്ങളുള്ള കുട്ടികളെ ഈ സ്ഥാപനത്തിലേക്ക് റഫര്‍ ചെയ്യുമ്പോള്‍ വിദഗ്ധ പീഡിയാട്രീഷ്യനും മെഡിക്കല്‍ ഓഫീസറും സമഗ്രമായ പരിശോധന നടത്തും. തുടര്‍ന്ന് ആവശ്യാനുസരണം സ്ഥാപനത്തിലെ വിദഗ്ധരുടെ ചികിത്സയും ലഭ്യമാക്കും. കേള്വികുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഓഡിയോളജിസ്റ്റിന്റെയും സ്പഷ്യെല്‍ എഡ്യുക്കേറ്ററുടെയും സേവനം ലഭിക്കും. ഇത്തരം കുട്ടികള്‍ക്ക് ആഴ്ച തോറുമോ മാസം തോറുമോ തുടര്‍ ചികിത്സ വേണ്ടിവരും. ഈ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
ജന്മന കാല്‍പ്പാദം ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന അവസ്ഥയുള്ള കുഞ്ഞുങ്ങള്‍ക്ക് ഓര്‍ത്തോസിസ് ലഭ്യമാക്കും. ഇതിനായി ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്ന പിഎംആര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സേവനം ലഭ്യമാണ്. സെറിബ്രല്‍ പാല്‍സി, മോട്ടോര്‍ ന്യൂറോണ്‍ ഡിസോഡേഴ്സ് തുടങ്ങിയ വൈകല്യങ്ങള്‍ക്ക് സ്ഥാപനത്തിലെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനമുണ്ടാകും. കേള്‍വിക്കുറവും കാഴ്ചക്കുറവുമുള്ള കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ കണ്ണടയും ശ്രവണ സഹായിയും ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിക്കും. ഒപ്റ്റോമെട്രിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നിവര്‍ ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കും. വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ തുടര്‍ചികിത്സ അത്യന്താപേക്ഷിതമാണ്. ഇത്തരം കുട്ടികളെ ആഴ്ചയിലൊരിക്കലോ മാസം തോറുമോ സ്ഥാപനത്തില്‍ സ്പെഷ്യല്‍ എഡ്യുക്കേറ്ററിന്റെയോ സ്പീച്ച് തെറാപ്പിസ്റ്റിന്റെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ അടുത്ത് കൊണ്ടുവരണം. സ്വകാര്യ സ്ഥാപനങ്ങളില്‍ വലിയ സാമ്പത്തിക ചെലവ് വരുന്ന ഇത്തരം ചികിത്സകള്‍ ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ പൂര്‍ണമായും സൗജന്യമാണ്. ജില്ലയില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയോടനുബന്ധിച്ചാണ് ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 04942460151.
- Log in to post comments