പേരൂർക്കട പഞ്ചകർമ ചികിത്സാ കേന്ദ്രത്തിന് പുതിയ ഏഴു നില കെട്ടിടം
* മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാസ്ഥാപനം നടത്തി
* മികച്ച ചികിത്സ മിതമായ നിരക്കിൽ ഉറപ്പാക്കുമെന്ന് മന്ത്രി
സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ നേതൃത്വത്തിൽ പേരൂർക്കടയിൽ പ്രവർത്തിക്കുന്ന പഞ്ചകർമ ചികിത്സാ കേന്ദ്രത്തിന് പുതുതായി നിർമിക്കുന്ന ഏഴു നില കെട്ടിടത്തിന്റെ ശിലാസ്ഥാപനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകൾ മൂലം കഴിഞ്ഞ 17 വർഷമായി നഷ്ടത്തിലായിരുന്ന ഫെഡറേഷൻ 2017-18 സാമ്പത്തിക വർഷം മുതൽ ലാഭത്തിലായതായി മന്ത്രി പറഞ്ഞു. ഫെഡറേഷനു കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സംഘങ്ങളും ഇതുപോലെ ലാഭത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കും. ഫെഡറേഷന്റെ സ്ഥാപനമായ ആയുർധാര കലർപില്ലാത്ത ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഈ ഉൽപ്പന്നങ്ങൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുമുണ്ട്. കുറഞ്ഞ വിലയിൽ മുന്തിയ ഗുണനിലവാരമുള്ള ഉൽപ്പന്നം എന്ന നിലയിലാണ് ആയുർധാര പ്രശസ്തമായത്. വനത്തിൽ ലഭ്യമായ അപൂർവങ്ങളായ ഔഷധസസ്യങ്ങൾ പട്ടികജാതി-വർഗത്തിൽപ്പെട്ടവർ ശേഖരിച്ചുകൊണ്ടുവരുന്നതാണ്. പഞ്ചകർമ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടം സമയബന്ധതമായി പൂർത്തിയാക്കുമെന്നും മികച്ച ചികിത്സ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷനായിരുന്നു. അംഗസംഘങ്ങൾക്കുള്ള വായ്പ എം.എൽ.എ വിതരണം ചെയ്തു. ഫെഡറേഷനുവേണ്ടിയുള്ള സോളാർ പാനൽ, കമ്പ്യൂട്ടറൈസേഷൻ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. സഹകരണ ഫെഡറേഷൻ പ്രസിഡന്റ് വേലായുധൻ പാലക്കണ്ടി, സ്വാഗതം പറഞ്ഞു. ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ പി. ഡോൺ ബോസ്‌കോ, സഹകരണസംഘം രജിസ്ട്രാർ ഡോ. സജിത് ബാബു, കുടപ്പനക്കുന്ന് കൗൺസിലർ എസ്. അനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.എസ്. രാജലാൽ, വട്ടിയൂർക്കാവ് ശ്രീകുമാർ, എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ജയചന്ദ്രൻ, സഹകരണ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എസ്. സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
(പി.ആർ.പി 1383/2018)
- Log in to post comments