പോള ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കണം: ജോസ്. കെ. മാണി എം.പി.
കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ജലാശയങ്ങളില്‍ നിറഞ്ഞു കിടക്കുന്ന പോള ഉപയോഗിച്ച് കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റ് ജില്ലാ പഞ്ചായത്ത് ആരംഭിക്കണമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. പോളനീക്കം ചെയ്യുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരല്‍ യന്ത്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക-കുടിവെളള- ടൂറിസം മേഖലകളെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്ന പോള വിലപിടിപ്പുള്ള വസ്തുക്കളാക്കി മാറ്റുന്നതിലൂടെ പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാനാകും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഈ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കോടിമത കൊടുരാറ്റില്‍ ബോട്ടുജെട്ടിക്ക് സമീപം നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയ്ര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. കൃഷി വകുപ്പ് അസി. എന്‍ജിനിയര്‍ മുഹമ്മദ് ഷെറീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നദികളിലും തോടുകളിലും പോളയും മാലിന്യങ്ങളും നിറഞ്ഞ് ഗതാഗതം ദുസ്സഹമായ സാഹചര്യത്തിലാണ് 48 ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് പോളവാരല്‍ യന്ത്രം വാങ്ങിയത്. ചിങ്ങവനം കേളചന്ദ്ര എന്‍ജിനിയേഴ്‌സ് ആണ് യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉരുക്കില്‍ നിര്‍മ്മിച്ച മൂന്നര ടണ്‍ ഭാരമുളള യന്ത്രം ഉപയോഗിച്ച് മണിക്കൂറില്‍ ആറ് ടണ്‍ പോള വരെ വാരാമെന്നാണ് കണക്ക് കൂട്ടല്‍.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍ ബെറ്റി റോയി, അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത, മീനച്ചിലാര്‍-മീനന്തറയാര്‍- കൊടൂരാര്‍ നദീസംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സ്വാഗതവും കൃഷി വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.എല്‍ ലാല്‍ നന്ദിയും പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-863/18)
- Log in to post comments