Skip to main content

ജില്ലയെ ലഹരിവിമുക്തമാക്കുന്നതിന് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍

ലഹരിവിരുദ്ധ പദ്ധതികളുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തും. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'വിമുക്തി' യുടെ ഭാഗമായാണ് കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതികളും ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ മന്ത്രി കെടി ജലീലിന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനത്തില്‍  പങ്കെടുത്തു.
    
വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഫുട്‌ബോള്‍ മത്സരം, ക്ലബ്ബുകള്‍ക്കായി വടം വലി മത്സരം എന്നിവ നടത്തും. ആദിവാസി മേഖലയില്‍ പിഎസ്‌സി പരിശീലനത്തിനും ക്ലബ്ബുകള്‍ക്ക് ധനസഹായവും പദ്ധതിയുടെ ഭാഗമായി നടത്തും. താലൂക്ക് ആശുപത്രികളില്‍ ബോധവത്കരണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും. മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് ബോധവത്കരണ പരിപാടികളും ഫോട്ടോഗ്രഫി മത്സരവും നടത്തും.
സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയില്‍ പ്രത്യേക ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കാനും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരുമിച്ച് കൂട്ടി ജില്ലാ കലക്ടര്‍ പങ്കെടുക്കുന്ന ബോധവത്കരണ യോഗങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ലഹരി വില്‍പ്പനയെ കുറിച്ച് അറിയിക്കാം
ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താം. വില്‍പ്പനയും ഉപയോഗവും അറിയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ടോള്‍ ഫ്രീ നമ്പര്‍. 1800 425 4886

 

date