മണ്ഡലത്തിലെ എല്ലാ ബൂത്തിലും വിവിപാറ്റ്: രേഖപ്പെടുത്തിയ വോട്ട് പ്രിന്റൗട്ടിൽ കാണാം
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എല്ലാ പോളിങ് ബൂത്തിലും വിവിപാറ്റ് മെഷീൻ ഉപയോഗിക്കും. വോട്ടിങ് യന്ത്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന വി.വി.പാറ്റ് ഉപകരണത്തിൽ ഓട്ടോമാറ്റിക്കായി പ്രിന്റ് ചെയ്യുന്ന പേപ്പറിൽ വോട്ടു ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും കാണാം. രേഖപ്പെടുത്തുന്ന വോട്ടിന്റെ പ്രിന്റ് പുറത്തുവരികയും വോട്ടർക്ക് അത് നേരിൽ കണ്ട് ബോധ്യപ്പെടുകയും ചെയ്യാമെന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. വോട്ടിങ് സംബന്ധിച്ചുണ്ടായേക്കാവുന്ന തർക്കങ്ങളിൽ തീരുമാനമെടുക്കുന്നതിനും ഇതു സഹായിക്കും
സാധാരണ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും മാത്രമാണുള്ളത്. എന്നാൽ വിവിപിഎടി മെഷീനിൽ ഒരു പ്രിന്റിങ് യൂണിറ്റും ഉണ്ടാകും. ബാലറ്റ് യൂണിറ്റിൽ വോട്ടിങ് ബട്ടൺ അമർത്തിക്കഴിഞ്ഞാൽ തെർമൽ പേപ്പറിൽ പുറത്തുവരുന്ന പ്രിന്റ് ഏഴ് സെക്കൻഡ് സമയത്തേക്ക് വോട്ടർക്ക് കാണാം. ഇതിൽ സീരിയൽ നമ്പർ, പേര്, തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുണ്ടാകും. രേഖപ്പെടുത്തിയ വോട്ട് പേപ്പർ, പ്രിന്റിലൂടെ വോട്ടർക്ക് കണ്ട് ബോധ്യപ്പെടാമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രിന്റ് ചെയ്ത പേപ്പർ, മെഷീനുള്ളിലെ സീൽ ചെയ്ത അറയിലേക്ക് വീഴുകയും ചെയ്യും. കഴിഞ്ഞ നിയമസഭ പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 1650 പോളിങ് ബൂത്തുകളിലാണ് വി.വി.പാറ്റ് മെഷീൻ ഉപോഗിച്ചത്.
(പി.എൻ.എ 967/ 2018)
- Log in to post comments