Skip to main content

എല്ലാ സർക്കാർ ഓഫീസുകളിലും നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ആദ്യപടിയായി പ്രധാനപ്പെട്ടതും കൂടുതൽ സ്ത്രീ ജീവനക്കാർ ജോലി ചെയ്യുന്നതുമായ വിവിധ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും എല്ലാ ടോയ്‌ലെറ്റുകളിലും ഇൻസിനറേറ്ററുകളും സ്ഥാപിക്കാൻ നിർദേശം നൽകിയത്. അതത് വകുപ്പുകളുടെ ജെൻഡർ ബഡ്ജറ്റിൽ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ സ്ഥലങ്ങളിൽ ആർത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും തൊഴിലിടങ്ങളിൽ സ്ഥാപിക്കാൻ നിർദേശം നൽകിയത്. സ്ത്രീകൾ ഇക്കാര്യത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇത് ഒരു പരിധിവരെ സഹായകമാകും. അംഗീകൃത ഏജൻസി വഴിയോ ഇ.ഒ.ഐ ക്ഷണിച്ചോ ആണ് ഇവ ഓഫീസുകളിൽ സ്ഥാപിക്കുന്നത്.  
പി.എൻ.എക്സ്. 818/2021

date