Skip to main content

മുളന്തുരുത്തിയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള  ധനസഹായം വിതരണം ചെയ്തു

 

 

കൊച്ചി: എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ 27 ഗുണഭോക്താക്കള്‍ക്കായുള്ള 11.60 ലക്ഷം രൂപ ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു.

 

2017-18 സാമ്പത്തിക വര്‍ഷം പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട  അപേക്ഷകരില്‍ നാല് പേര്‍ക്ക് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഭവന നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു.

 

ആദ്യ ഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് ധനസഹായം അനുവദിച്ചത്. സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ സേവന പദ്ധതികളുമായി ബന്ധപ്പെടുത്തിയാണ് ലൈഫ് പദ്ധതി വിഭാവനം ചെയ്തിതിരിക്കുന്നത്. ഇതിന്‍ പ്രകാരം തൊഴില്‍ലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ദിവസത്തെ തൊഴില്‍ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനുവദിക്കും. 400 സ്‌ക്വയര്‍ ഫീറ്റില്‍ 12 പ്ലാനുകളിലുള്ള വീടുകളാണ് അനുവദിക്കുന്നത്.

 

പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രം വിതരണം ചെയ്തു. പഞ്ചായത്തിന്റെ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍ ആശംസയര്‍പ്പിച്ചു. 

date