Skip to main content

സ്ഥാനാർഥികൾ മരംനട്ടു; പോളിങ് ബൂത്ത് നിർമാണത്തിൽ ഹരിത നിയമാവലി പരമാവധി പാലിക്കാൻ നിർദ്ദേശം

ആലപ്പുഴ: ഹരിതനിയമാവലി തിരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ എല്ലാ സ്ഥാനാർഥികളും  ആർ.ഡി.ഒ ഓഫീസിൽ ഒരു മരം നട്ടു. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം  നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ തന്നെ മുൻകൈയ്യെടുത്ത് ഇവർക്ക് വൃക്ഷത്തൈ നൽകി നടാൻ അവസരം ഒരുക്കിയത്. സ്ഥാനാർഥികളെക്കൂടാതെ തിരഞ്ഞെടുപ്പ് നിരീക്ഷകനും റിട്ടേണിങ് ഓഫീസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും മരം നട്ടു. 

ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ടി.വി.അനുപമ പുറത്തിറക്കി.  ഗ്രീൻ പ്രോട്ടോകോൾ സംബന്ധിച്ച ജില്ല കളക്ടറുടെ  നിർദ്ദേശങ്ങൾ നോട്ടീസ് രൂപത്തിലാക്കി എല്ലാ സ്ഥാനാർഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളിലും എത്തിക്കും. കൂടാതെ ബൂത്തുകളിലും ഇതിന് പ്രാധാന്യം നൽകും. പോളിങ് ബൂത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരസ്യങ്ങൾക്ക് തുണി ബാനർ, പായ, തെങ്ങോല, മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുക, കുപ്പിവെള്ളം ഒഴിവാക്കി വാട്ടർ കിയോസ്‌ക് സ്ഥാപിക്കുക, അലങ്കാരങ്ങൾക്കായി പ്ലാസ്റ്റിക് തെർമ്മോക്കോൾ ഉപയോഗിച്ചുള്ള വസ്തുക്കൾ പൂർണ്ണമായി ഒഴിവാക്കേണ്ടതും പ്രകൃതി സൗഹൃദ വസ്തുക്കൾ  മാത്രം ഉപയോഗിക്കേണ്ടതുമാണ് എന്നീ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.   

മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനായി വലിച്ചെറിയുന്ന വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾക്ക് പ്രചാരം കൊടുക്കുകയും ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കപ്പെടുകയും ചെയ്യുന്ന എന്നതാണ് ഹരിത നിയമാവലിയുടെ അടിസ്ഥാനം.  പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള എല്ലാ ഡിസ്‌പോസിബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക, ഡിസ്‌പോസിബിൾ വസ്തുക്കൾക്ക് പകരം പുനരുപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുക, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി മാലിന്യ നിർമ്മാർജ്ജനത്തിനുള്ള സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക എന്നിവയ്ക്കു തിരഞ്ഞെടുപ്പിൽ പ്രത്യേക ഊന്നൽ നൽകും. 

 ജൈവ അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കുകയും ശരിയായ രീതിയിൽ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കി തുണിസഞ്ചി പ്രോത്സാഹിപ്പിക്കുക, ആഹാരപദാർഥങ്ങളും കുടിവെള്ളവും നൽകുന്നത് സ്റ്റീൽ പാത്രത്തിലോ മറ്റ് പുനരുപയോഗ സാധ്യതയുള്ള പാത്രങ്ങളിലോ ആക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങളിൽ പ്രധാനം.  പ്ലാസ്റ്റിക്കിലും മറ്റ് ഡിസ്‌പോസിബിൾ വസ്തുക്കളിലും ആഹാരപദാർഥങ്ങൾ കൊണ്ടു വരുന്നത് കർശനായി തടയുന്നതിന് നടപടികൾ സ്വീകരിക്കും.  ആവശ്യമായ ആഹാരപദാർഥങ്ങൾ മാത്രം കൊണ്ടുവരികയും ആഹാരം പാഴാക്കുന്നത് ഒഴിവാക്കുകയും ചെയ്യുക, മാലിന്യങ്ങൾ തരം തിരിച്ച് സ്ഥാപിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും അതിൽ മാത്രം നിക്ഷേപിക്കുകയും ചെയ്യുക, ജൈവമാലിന്യങ്ങൾ പരിസരത്ത് തന്നെ സംസ്‌കരിക്കുന്നതിനും അജൈവമാലിന്യങ്ങൾ വൃത്തിയായി ശേഖരിച്ച് പാഴ് വസ്തു വ്യാപരികൾക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ നിർദ്ദേശമുണ്ട്. 

(പി.എൻ.എ 993/ 2018)

date