വഞ്ചി വീടൊരുങ്ങുന്നു: 'ദിശ'യ്ക്ക് 14ന് തുടക്കമാകും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് ദിശ 2018 സംഘടിപ്പിക്കുന്നു. മെയ് 14 മുതല്‍ 20 വരെയാണ് ഉല്പന്ന- വിപണന -പ്രദര്‍ശനവും കലാ സാംസ്‌കാരിക പരിപാടികളും നടത്തുന്നത്. കായല്‍ തീരങ്ങള്‍ അടക്കിവാഴുന്ന വഞ്ചി വീടിന്റെ മാതൃകയിലാണ് ദിശയുടെ പ്രവേശന കവാടം ഒരുക്കുന്നത്. 'ദിശ' 20ഹ8 ഉല്‍പന്ന- വിപണന പ്രദര്‍ശന മേളയില്‍ വിവിധ വകുപ്പുകളുടെ കൗതുകമുണര്‍ത്തുന്ന സ്റ്റാളുകളാണ് ഈ വഞ്ചി വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ രംഗപടകലാകാരന്‍ ആര്‍ട്ടിസ്റ്റ് സുജാതന്റെ കരവിരുതിലാണ് പ്രവേശന കവാടമായി കൂറ്റന്‍ വഞ്ചി വീട് മാറുന്നത്.
14 ന് ആരംഭിക്കുന്ന മേളയില്‍ വിവിധ വകുപ്പുകളുടെ നൂറ്റി ഇരുപത്തഞ്ചോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു. ഹരിതചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടാണ് മേളയില്‍ ഓരോ സ്റ്റാളുകളും ക്രമീകരിച്ചിരിക്കുന്നത്. നാടന്‍ രുചിയുടെ വൈവിധ്യം മുതല്‍ ചക്ക മഹോത്സവം വരെ കാണികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൃഷി വകുപ്പിന്റെ നേഴ്‌സറി, അഗ്രോ പ്രോഡക്റ്റുകള്‍, വനംവകുപ്പിന്റെ വന ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കയര്‍ കോര്‍പ്പറേഷന്റെ കയര്‍ ഭൂവസ്ത്രം, വ്യവസായ വകുപ്പിന്റെ കരകൗശല കൈത്തറി ഉല്‍പന്നങ്ങള്‍, റെഡിമെയ്ഡ് ഗാര്‍മെന്റസ്, മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീര പൗള്‍ട്രി കര്‍ഷകരുടെ പ്രദര്‍ശന വില്‍പനശാല, ക്ഷീരവികസന വകുപ്പിന്റെ പാല്‍ ഉല്‍പന്ന നിര്‍മ്മാണ പ്രദര്‍ശനം, സഹകരണ വകുപ്പിന്റെ ഫലപുഷ്പ സസ്യ പ്രദര്‍ശനം, കുടുംബശ്രീയുടെ ഭക്ഷ്യമേള തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകര്‍ഷണം. സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളും പ്രദര്‍ശന നഗരിയില്‍ ലഭ്യമാക്കുന്നുണ്ട്. ഐ ടി മിഷനും അക്ഷയയുമായി ചേര്‍ന്ന് ആധാര്‍ എന്റോള്‍മെന്റ് ,ഇപോസ് മെഷീന്‍ പരിചയപ്പെടുത്തല്‍, ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മെഡിക്കല്‍ ക്യാമ്പ്, യോഗതെറാപ്പി, ഹോമിയോ വകുപ്പിന്റെ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതലുള്ള കലാ-സാംസ്‌കാരിക പരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും.
(കെ.ഐ.ഒ.പി.ആര്‍-901/18)
- Log in to post comments