Skip to main content

സുസ്ഥിര വികസനം': ജില്ലാതല ശില്പശാല ഇന്ന് 

 

 

 

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്  കിലയുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സുസ്ഥിര വികസനം' ജില്ലാതല ശില്പശാല ഇന്ന് ( ഫെബ്രു.26) രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കും. നാടിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന സ്ഥായിയായ വികസനം തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.   

 കാരപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊയിലാണ്ടി മുന്‍സിപ്പല്‍ ഓഡിറ്റോറിയം, വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയം എന്നീ  വേദികളിൽ ഒരേ സമയമാണ്  പരിപാടി. വടകര, കൊയിലാണ്ടി കേന്ദ്രങ്ങളിലെ പ്രതിനിധികൾ ഓൺലൈൻ വഴിയാണ് ശില്പശാലയിൽ പങ്കെടുക്കുക. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും അധ്യക്ഷര്‍, ഉപാധ്യക്ഷര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷര്‍ എന്നിവരാണ് പങ്കെടുക്കുക.

കാരപറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല  പങ്കെടുക്കും. സുസ്ഥിര വികസനം: ഉള്ളടക്കവും കാഴ്ചപ്പാടും - പ്രാദേശിക പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ആമുഖ അവതരണം നടത്തും. 

ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും വിശപ്പുരഹിത സമൂഹവും എന്ന വിഷയത്തില്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സി.ഇ.ഒ കെ.ബി മദന്‍ മോഹന്‍, സുസ്ഥിരമായ ആരോഗ്യ സംവിധാനം എന്ന വിഷയത്തില്‍ സംസ്ഥാന ആരോഗ്യവിദഗ്ധ സമിതി അംഗം ഡോ. കെ.പി അരവിന്ദന്‍, സാമൂഹ്യനീതിയും ലിംഗസമത്വവും സുസ്ഥിര സമൂഹത്തിലേക്ക് എന്ന വിഷയത്തില്‍ കില റിസര്‍ച്ച് അസോസിയേറ്റ് ഡോ. കെ.പി.എന്‍ അമൃത, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, ദുരന്തനിവാരണം എന്ന വിഷയത്തില്‍ കോളജീയറ്റ് എജ്യുക്കേഷന്‍ റിട്ട. ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ. പി.കെ രവീന്ദ്രന്‍, സുസ്ഥിരവികസനവും തൊഴില്‍ മേഖലയും എന്ന വിഷയത്തില്‍ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ക്ലാസ് എടുക്കും. കില റിസര്‍ച്ച് അസോസിയേറ്റ് ഡോ. രാജേഷ് ആര്‍.വി വിഷയ ഏകോപനവും ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ ഇ.പി രത്‌നാകരന്‍ ശില്പശാലയുടെ കോര്‍ഡിനേഷനും നിര്‍വഹിക്കും.

date