Skip to main content

ജാതീയമായ അധിക്ഷേപങ്ങളും അതിക്രമങ്ങളും  ജില്ലയിൽ കുറവ്  - പട്ടികജാതി, പട്ടികവർഗ കമ്മീഷൻ

 

 

 

 

 ജാതീയമായ അധിക്ഷേപങ്ങളും പിന്നോക്കക്കാരോടുള്ള  അതിക്രമങ്ങളും താരതമ്യേനെ ജില്ലയിൽ കുറവാണെന്നു സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ കമ്മീഷൻ ചെയർമാൻ ബി. എസ്. മാവോജി. സമാധാനപരമായ അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്നും  അദ്ദേഹം പറഞ്ഞു. ടൗൺ ഹാളിൽ നടന്ന പട്ടികജാതി, പട്ടിക വർഗ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 65 കേസുകളാണ് കമ്മീഷനു മുമ്പാകെ എത്തിയത്. 47 പരാതികൾ തീർപ്പാക്കി. പുതിയതായി 9 പരാതികളാണ്  എത്തിയത്. പട്ടികജാതി, വർഗക്കാരുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പരാതികളുമാണ്  അദാലത്തിൽ എത്തിയവയിൽ  ഏറെയും. ഇത്തരത്തിലുള്ള പരാതികളിൽ നടപടി സ്വീകരിക്കാൻ  കലക്ടർ, പോലീസ് എന്നിവർക്ക്  കമ്മീഷൻ നിർദേശം നൽകി. 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള അവകാശം നിഷേധിച്ചതായുള്ള പരാതി എത്തിയിരുന്നു.  ജാതീയമായ വിവേചനവും ആക്ഷേപവും നേരിടേണ്ടി വന്നു എന്നതാണ് പരാതി. സംഭവത്തിൽ അന്വേഷണ കമ്മിറ്റിയെ നിയമിച്ച് അന്വേഷണം നടത്തി വരുന്നതായും പരാതിയിൽ കഴമ്പുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. യൂണിവേഴ്സിറ്റിയിലെ മറ്റ് വകുപ്പുകളിൽ ജാതീയ അധിക്ഷേപത്തിന് വിദ്യാർഥികൾ ഇരയാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. 

വിദ്യാർഥികളുടെ സ്റ്റൈപ്പൻഡുമായി ബന്ധപ്പെട്ടും  മറ്റുമുള്ള കേസുകളും  അദാലത്തിൽ  എത്തി. മെമ്പർമാരായ എസ് അജയകുമാർ, അഡ്വ. സൗമ്യ സോമൻ തുടങ്ങിയവർ പങ്കെടുത്തു. അദാലത്ത് ഇന്ന് (ഫെബ്രുവരി 26 ) കൂടെ നടക്കും.

date