Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു മികവേകാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്റെ ജില്ലാ വിഭവകേന്ദ്രം

കൊച്ചി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് മികവേകാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളത്ത് ജില്ലാ വിഭവകേന്ദ്രം പ്രവര്‍ത്തന സജ്ജമായി. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതിനു വേണ്ടി വൈവിധ്യമാര്‍ന്ന ഒട്ടേറെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.എ ഏറ്റെടുത്തു വരികയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുക എന്നതാണ് ജില്ലാ വിഭവകേന്ദ്രത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം. സര്‍വ്വ ശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്റ്റേറ്റ് തലം, ജില്ലാ തലം, ബി.ആര്‍.സി. തലം, സി.ആര്‍.സി. തലം എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. വിദ്യാലയ മികവ് അക്കാദമിക മികവാകണമെന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനാണ് വിഭവകേന്ദ്രം ഒരുക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ വിഭവകേന്ദ്രം മെയ് 16 ാം തീയതി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. അധ്യാപകര്‍ക്കുള്ള വിഷനിംങ്ങ് വര്‍ക്ക്‌ഷോപ്പുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യം, മികവുകളുടെ പ്രദര്‍ശനം, റഫറന്‍സ് മെറ്റീരിയല്‍സ് എന്നിങ്ങനെ ബഹുമുഖ ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ് ജില്ലാ വിഭവകേന്ദ്രത്തിന്റെ ഉദ്ദേശമെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്ജ് അറിയിച്ചു.

 

എല്ലാ കുട്ടികള്‍ക്കും പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പഠന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് ആവശ്യമായ റഫറന്‍സ് സാമഗ്രികള്‍, ഹാന്റ്ബുക്ക്, റിസോഴ്‌സ് മെറ്റീരിയല്‍സ്, പ്രബന്ധങ്ങള്‍, എസ്.എസ്.എ. യുടെ വിവിധ ഇടപെടലുകള്‍ മേഖലകളുമായി ബന്ധപ്പെട്ട മികവുകളുടെ സമാഹാരം, പാഠ്യപദ്ധതി സമീപനവുമായി ബന്ധപ്പെട്ട റഫറന്‍സുകള്‍, പാഠ്യപദ്ധതി അനുസരിച്ച് കുട്ടികള്‍ക്ക് അറിവ് നിര്‍മ്മാണത്തിന് സഹായകമായ സാമഗ്രികള്‍, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടപ്പില്‍ വരുത്തുവാന്‍ അധ്യാപകനെ സഹായിക്കുന്ന പഠന-ബോധന മാതൃകകള്‍ എന്നിവ വിഭവകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി കണ്ടുകൊണ്ട് പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെങ്കില്‍ അധ്യാപകര്‍ക്ക് ആവശ്യമായ പഠനസാമഗ്രികളും, വിഭവങ്ങളും ഒരുക്കുകയും ഫലപ്രദമായ ഉപയോഗം നടത്തേണ്ടതുണ്ട് എന്നതിന്റെ പശ്ചാത്തലത്തിലാണ് വിഭവകേന്ദ്രം രൂപകല്‍പന ചെയ്തിട്ടുള്ളത്.

date