ഡെങ്കി ദിനാചരണം നടത്തി
ദേശീയ ഡെങ്കി ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കോലാര്‍ അംഗനവാടി പരിസരത്തു നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല ടീച്ചര്‍ നിര്‍വ്വഹിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഡെങ്കി പോലെയുള്ള കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ഇസ്മയില്‍ ഡെങ്കിയും പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് 22, 23 പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, അംഗനവാടി, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും ബോധവല്‍ക്കരണവും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മുനിസിപ്പല്‍ പ്രദേശത്തെ ടയര്‍, ആക്രി കടകളിലെ പരിശോധന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീനയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തി.
ജില്ലാ മലേറിയ ഓഫീസര്‍ ശ്രീ.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.രാജഗോപാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ശ്രീ.ടി.എം.ഗോപാലന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കുകയും ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശ്രീ.ഭാസ്‌കരന്‍ തൊടുമണ്ണില്‍ നന്ദിയും പറഞ്ഞു.
- Log in to post comments