Skip to main content

സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; രണ്ടാം വാര്‍ഷികം ജില്ലാതല ഉദ്ഘാടനം മേയ് 19ന് കാഞ്ഞങ്ങാട്     ഉത്പന്ന പ്രദര്‍ശന-വിപണന മേളയും സാംസ്‌ക്കാരിക          കലാസന്ധ്യയും മേയ് 19 മുതല്‍ 25 വരെ

    മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച്  കാസര്‍കോട് ജില്ലയിലും വിപുലമായ പരിപാടികള്‍ നടത്തുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 19ന് വൈകിട്ട് 5.30ന് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. സംസ്ഥാനജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും.
    ഇതോടനുബന്ധിച്ച് വിവിധ ആനൂകുല്യങ്ങളുടെ വിതരണവും പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 19 മുതല്‍ 25 വരെ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സര്‍ക്കാരിന്റെ വിവിധവകുപ്പുകള്‍ ഉള്‍പ്പെടെ നൂറോളം സ്റ്റാളുകളിലായി 'കാസര്‍കോട് പെരുമ' എന്ന പേരില്‍ വൈവിധ്യമാര്‍ന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയും സാംസ്‌ക്കാരിക കലാസന്ധ്യയും സംഘടിപ്പിക്കും. 
    ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ പിആര്‍ഡി, ഐടി, അക്ഷയ, ടൂറിസം, കുടുംബശ്രീ, ഫീഷറീസ്, വിദ്യാഭ്യാസം, റവന്യു, അനര്‍ട്ട്, ചൈല്‍ഡ്‌വെല്‍ഫെയര്‍, പഞ്ചായത്തുവകുപ്പ്, കാര്‍ഷികം, ബിഎസ്എന്‍എല്‍, പോലീസ്, എക്‌സൈസ് വിഭാഗങ്ങള്‍, നാലുമിഷനുകള്‍ ഉള്‍പ്പെടെ വിവിധങ്ങളായ നൂറോളം സ്റ്റാളുകളിലൂടെ സര്‍ക്കാര്‍ സംബന്ധമായ എന്തുകാര്യങ്ങള്‍ക്കും മറുപടി ലഭിക്കും. ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍, തിരുത്തല്‍ ഉള്‍പ്പെടെയുള്ള എന്തു സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. കുടുംബശ്രീയും മില്‍മയും ഒരുക്കുന്ന വ്യത്യസ്തരുചിക്കൂട്ടുകളുടെ ഫുഡ്‌കോര്‍ട്ടും മേള നഗരയില്‍ ഉണ്ടാകും. സായാഹ്നങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വ്യത്യസ്തങ്ങളായ കലാപരിപാടികളും ചലച്ചിത്രമേളയും ഒരുക്കിയിട്ടുണ്ട്. വികസന സംവാദം, മത്സര പരിപാടികള്‍ തുടങ്ങിയവയും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും. 
    19ന് വൈകിട്ട് നാലിന് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും പ്രദര്‍ശന നഗരിയിലേക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുക്കുന്ന ആകര്‍ഷകമായ ഫ്‌ളോട്ടുകളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയോടെയാകും ജില്ലയിലെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. 
      

date