Skip to main content

ആരാധനാലയങ്ങളില്‍ ഇനി ഒരേസമയം അഞ്ച് പേര്‍ മാത്രം

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. നേരത്തെയുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിനുള്ള നടപടികളാണ് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ പുതിയ ഉത്തരവിലുള്ളത്. ഇത് പ്രകാരം ആരാധനലായങ്ങളിലെ ചടങ്ങുകളില്‍ പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് ഒരേസമയം പങ്കെടുക്കാനാവുക. പ്രാര്‍ത്ഥന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ തന്നെ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും ഇതിനായി ബന്ധു വീടുകളിലുള്‍പ്പടെ കൂടിച്ചേരുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

വ്യാഴാഴ്ച മാത്രം 21.89 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കോടെ 2776 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 17898 രോഗികളാണ് ജില്ലയിലുള്ളത്. ഇത്തരത്തില്‍ രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതുമാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാനിടയാക്കിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് ജില്ലാ കലക്ടര്‍ 2005 ലെ ദുരന്തനിവാരണ നിയമം 26(2),30(2), (5),34 എന്നിവ പ്രകാരം ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങളിലെ ഈ നിയന്ത്രണം തുടരുമെന്നാണ് ഉത്തരവിലുള്ളത്.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജനകീയത കൈവരിക്കുന്നതിനും സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ പിന്തുണ തേടുന്നതിനും നേരത്തെ മതനേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന ഉത്തരവുകള്‍ പാലിക്കാമെന്ന് യോഗത്തില്‍ ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരുന്നു.

date