Skip to main content

ജില്ലയില്‍ കൂടുതല്‍ കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ തുറക്കും

 

കോട്ടയം ജില്ലയില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളും(സി.എഫ്.എല്‍.ടി.സി) പഞ്ചായത്തു തലത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്‍ററുകളും സജ്ജമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. 

നിലവില്‍ ജില്ലയില്‍ 21 ഡൊമിസിലിയറി കെയര്‍ സെന്‍ററുകളാണുള്ളത്. ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. നിലവിലുള്ള ഡൊമിസിലിയറി സെന്‍ററുകളില്‍ ആകെ 1206 കിടക്കകളുള്ളതില്‍ 239 എണ്ണത്തില്‍ രോഗികളുണ്ട്. ഒന്‍പതു സി.എഫ്.എല്‍.ടി.സികളില്‍ 970 കിടക്കകളും 596 രോഗികളുമുണ്ട്. 

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിന് സൗകര്യമില്ലാത്തവര്‍ക്കാണ് ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ പ്രവേശനം നല്‍കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ഉറപ്പാക്കുന്നത് അതത് പഞ്ചായത്തുകളാണ്.

രോഗ ലക്ഷണങ്ങളുള്ളവര്‍ക്കാണ് സി.എഫ്.എല്‍.ടി.സികളില്‍ പ്രവേശനം നല്‍കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ഡോക്ടറുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ലഭിക്കും. സാരമായ രോഗലക്ഷണങ്ങളോ മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ ഉള്ള കോവിഡ് രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുന്നതിനായി ആറ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളും(സി.എസ്.എല്‍.ടി.സി) ജില്ലയിലുണ്ട്. കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനമുള്ള സി.എസ്.എല്‍.ടി.സികള്‍ പാലാ, ചങ്ങനാശേരി, ഉഴവൂര്‍, മുണ്ടക്കയം, പാമ്പാടി, വൈക്കം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളാണ്  പ്രവര്‍ത്തിക്കുന്നത്. ആറു സി.എസ്.എല്‍.ടി.സികളിലുമായി 535 കിടക്കളാണുള്ളത്. നിലവില്‍ 382 എണ്ണത്തില്‍ രോഗികളുണ്ട്.  

കോവിഡ് ബാധിച്ച് ഗുരുതര നിലയിലാകുന്നവരെ ചികിത്സിക്കുന്നതിന് കോവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളേജിലും കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടിടത്തുമായുള്ള 439 കിടക്കളില്‍ 235 എണ്ണത്തില്‍ രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 300 കിടക്കകളും 272 രോഗികളുമാണുള്ളത്. 

ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവരെ ചുമതലപ്പെടുത്തി.  ജില്ലയില്‍ പാലാ, ഉഴവൂര്‍ എന്നിവിടങ്ങളില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു.

കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും എല്ലാ കേന്ദ്രങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ട മേഖലകള്‍ കൃത്യമായി കണ്ടെത്തി നല്‍കുന്നതിന് പോലീസിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തി. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനുവേണ്ട പിന്തുണ തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കണം.

കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് സിവില്‍ ഡിഫന്‍സിന്‍റെയും ആപ്തമിത്ര വോളണ്ടിയര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തും.  പോലീസിനാണ് ഏകോപനച്ചുമതല.  

അവശ്യ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം വരാതിരിക്കുന്നതിന് പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ സ്റ്റോറുകളിലും മറ്റും പരിശോധന നടത്തുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ചുമതല നല്‍കി. 

റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.  കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഭക്ഷ്യവിതരണത്തിന് മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.

ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, എ.ഡി.എം ആശ സി.ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date