Skip to main content

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

 

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് നാളെ (വെള്ളി) സര്‍വീസില്‍ നിന്ന് വിരമിക്കും. 2010 മുതല്‍ 11 വര്‍ഷമായി വയനാട് ജില്ലാ ഓഫീസറായ ദാസ് 32 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. 1988 ല്‍ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായി സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം മാനന്തവാടി, മീനങ്ങാടി, ചേര്‍ത്തല എന്നിവിടങ്ങളില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറായും കണ്ണൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സോയില്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറായും ജോലി ചെയ്തു. 2015 ല്‍ മികച്ച ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചു.

ഡെറാഡൂണിലുള്ള കേന്ദ്ര സ്ഥാപനത്തില്‍ നിന്ന് പരിസ്ഥിതി എഞ്ചിനീയറിംഗ്, പരിസ്ഥിതി സയന്‍സ് എന്നിവയില്‍ ആറ് മാസത്തെ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്. വാട്ടര്‍ഷെഡ് പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല പരിശീലകനാണ്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോര്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. 2018, 19, 20 വര്‍ഷങ്ങളിലെ പ്രളയ ദുരന്ത സമയത്ത് ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 2020 ല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ മഴ വിവര ശേഖരണം നടത്തി വെള്ളപ്പൊക്കവും ദുരന്തങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ സഹായിച്ചു.

ഹരിത കേരള മിഷന്‍ മാതൃകാ പദ്ധതിയായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി വരള്‍ച്ചാ ലഘൂകരണ പദ്ധതിയും ആദിവാസി ഭവന നിര്‍മ്മാണത്തിനു മാതൃകയായ എ.ടി.എസ്.പി പദ്ധതിയും പരൂര്‍കുന്ന് ടി.ആര്‍.ഡി.എം പദ്ധതിയും നടപ്പാക്കുന്നതില്‍ ദാസിന്റെ പങ്ക് ശ്രദ്ധേയമാണ്. 

തൃശൂര്‍ ആലപ്പാട് സ്വദേശിയാണ്. പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃപ്രയാര്‍ ഗവ. പോളിടെക്നിക് കോളേജ്, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ ഗണിതാധ്യാപിക ശ്രീലതയാണ് ഭാര്യ. എസ്.ബി.ഐ ഡെപ്യൂട്ടി മാനേജര്‍ ഋത്വിക്, കോഴിക്കോട് ദേവഗിരി കോളേജ് ഡിഗ്രി വിദ്യാര്‍ഥി നിരഞ്ജ് എന്നിവര്‍ മക്കളാണ്. കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിലാണ് ഇപ്പോള്‍ താമസം.

date