Skip to main content

കണ്‍ടെയ്ന്‍മെന്റ് മേഖലകളില്‍ പാലിക്കപ്പെടേണ്ട നിയന്ത്രണങ്ങള്‍

* കണ്‍ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ്  മേഖലകളില്‍  വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിക്കുന്നു. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

* കണ്‍ടെയ്ന്‍മെന്റ  മേഖലകളില്‍ നിന്നും പുറത്തേക്കും ഉള്ളിലേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കുന്നതും മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടുന്നതുമാണ്.

* അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം (പാല്‍, പഴം, പച്ചക്കറി, പലവ്യജ്ഞനം, ബേക്കറി) രാവിലെ 11 മുതല്‍ വൈകിട്ട് 5 മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

* അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിച്ച് നിര്‍വ്വഹിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു. പ്രസ്തുത വാര്‍ഡുകളില്‍ ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

* കണ്‍ടെയിന്‍മെന്റ് മേഖലകളിലൂടെ അവശ്യ വസ്തുക്കളുമായി കടന്നു പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കും.

* മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.

* കണ്‍ടെയിന്‍മെന്റ് മേഖലകളില്‍ നിന്നും പുറത്തേക്കോ, അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കേണ്ടതും ഈ ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

* ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

* കണ്‍ടെയിന്‍മെന്റ് മേഖലകളില്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ & റസ്‌ക്യു, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ  മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കണ്‍ടെയിന്‍മെന്റ് മേഖലയില്‍ പൊതുമേഖലാ/ഷെഡ്യൂള്‍ഡ്/സഹകരണ ബാങ്കുകള്‍, പോസ്റ്റ് ആഫീസുകള്‍ എന്നിവയ്ക്ക് രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകളില്‍ എത്തിചേരുന്ന പൊതുജനങ്ങള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും ഒരേസമയം 5 പേരില്‍ കൂടുതല്‍ ബാങ്കിനുള്ളില്‍ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുമാണ്. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല.

* മേല്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകളില്‍ ഏതെങ്കിലും ജീവനക്കാര്‍ കോവിഡ് പോസിറ്റീവ് ആവുകയോ കോവിഡ് രോഗികളുടെ ഹൈ റിസ്‌ക് കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയോ ചെയ്താല്‍ ടി ജീവനക്കാര്‍ മാത്രം ക്വാറന്റൈനില്‍ പോവുകയും ടി ഓഫീസ് അണുവിമുക്തമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടും, ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടും മറ്റു ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതിനും, പരമാവധി രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണ്.

നിരോധനാജ്ഞ (144) പുറപ്പെടുവിച്ചിരിക്കുന്ന മേഖലകളില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍

1. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ളവ മാത്രം രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുന്നതല്ല.

2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അവരുടെ ഫോണ്‍ നമ്പരുകള്‍ പരസ്യപ്പെടുത്തേണ്ടതും,  ഉപഭോക്താക്കള്‍ക്ക് ഫോണ്‍/വാട്സ് ആപ് മുഖാന്തിരം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും, ഇവ മുന്‍കൂട്ടി നിശ്ചയിച്ച സമയപ്രകാരം പായ്ക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതാണ്.

3. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയുണ്ടായിരിക്കുന്നതല്ല. ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ നിജപ്പെടുത്തിയിരിക്കുന്നു. ഈ സമയത്ത് പാഴ്സല്‍ കൗണ്ടറുകള്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

4. ശവസംസംസ്‌കാര ചടങ്ങുകള്‍ ഒഴികെ മറ്റ് യാതൊരുവിധ ചടങ്ങളും നടത്താന്‍ പാടില്ലാത്തതാണ്. ശവസംസ്‌കാര ചടങ്ങില്‍ പരമാവധി 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളു.

5. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ മൈക്ക് അനൗണ്‍സ്മെന്റ് പോലീസ്, തദ്ദേശസ്വയം ഭരണം എന്നീ വകുപ്പുകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.
 

date