Skip to main content

മഴക്കാല മുന്നൊരുക്കം: പ്രവർത്തനങ്ങൾ വേഗത്തിലാക്കി തദ്ദേശ സ്ഥാപനങ്ങൾ 

 

ആലപ്പുഴ : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകൾ, തോടുകൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കി തുടങ്ങി. കായലുകളിലെയും കനാലുകളിലെയും അടിഞ്ഞുകൂടിയ പോള നീക്കി നീരൊഴുക്ക് സുഗമമാണെന്ന് ഉറപ്പാക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ജെസിബി, ഹിറ്റാച്ചി എന്നിവ ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കി ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നത്. 

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലുള്ള  ഏഴ് പഞ്ചായത്തുകളിലും ഓടകളും തോടുകളും അടിയന്തിരമായി വൃത്തിയാക്കി വെളളം സുഗമമായി ഒഴുകി പോകുന്നത്തിനുള്ള നടപടികളും പൊതുഇടങ്ങളിലെ വെള്ളക്കെട്ട് തടയാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനും ഉറവിടം നശിപ്പിക്കുന്നതിനും എല്ലാ പഞ്ചായത്തിലും ഡ്രൈ ഡേ ആചരണവും നടക്കുന്നുണ്ട്. എല്ലാ പഞ്ചായത്തിലും വാർഡ് തല സാനിറ്റേഷൻ കമ്മിറ്റികളാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വയലാർ, കോടംതുരുത്ത് എന്നീ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കുമ്മായം, ബ്ലീച്ചിംഗ് പൗഡർ, എലിപ്പനി പ്രതിരോധ മരുന്ന് എന്നിവ വിതരണം ചെയ്തിട്ടുണ്ട്. മറ്റ് പഞ്ചായത്തുകളിലും ഇവ ഉടൻ വിതരണം ചെയ്യും.
കുത്തിയതോട് പഞ്ചായത്തുൽ മഴക്കാല ജന്യരോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി നോട്ടീസ് വിതരണം ആരംഭിച്ചിട്ടുണ്ട്. അരൂർ ഗ്രാമപഞ്ചായത്തിൽ ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കംചെയ്തു. പഞ്ചായത്തിലെ ആയുർവേദ ആശുപത്രി വഴി എല്ലാ വാർഡുകളിലേക്കും 10,000 രൂപയുടെ അപരാജിത ചൂർണവും വിതരണം ചെയ്തിട്ടുണ്ട്. ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും ഈ അപരാജിത ചൂർണം പുകയ്ക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പരിധിയിലെ പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങൾ വൃത്തിയാക്കല്‍ പുരോഗമിക്കുന്നു.   വാർഡ്തല ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ജലാശയങ്ങൾ ശുചിയാക്കുന്നതിനൊപ്പം പഞ്ചായത്തിലെ എല്ലാ വീടുകളിലും കുമ്മായപ്പൊടി, ബ്ലീച്ചിംഗ് പൗഡർ എന്നിവ വിതരണം ചെയ്തിട്ടുണ്ട്.
അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, പാണാവള്ളി പഞ്ചായത്തുകളിലേയും  ഓടകളും തോടുകളും അടിയന്തിരമായി വൃത്തിയാക്കാന്‍ നടപടി സ്വീകരിച്ച് വരികയാണ്.
 
കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഞായറാഴ്ചയോടെ ആരംഭിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വോളണ്ടിയർമാരുടെ സഹകരണത്തോടെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്ന ജോലികൾ നടന്നു വരികയാണ്. സന്നദ്ധസംഘടനകൾ ബ്ലീച്ചിംഗ് പൗഡറുകളും അണുനാശിനികളും ഉപയോഗിച്ച് പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നുണ്ട്. വെള്ളക്കെട്ടുളള പ്രദേശങ്ങളിലെ വീടുകളിൽ ഡോക്സിസൈക്ലിൻ ഗുളികകളുടെ വിതരണവും അവസാന ഘട്ടത്തിലാണ്. വാർഡ്തല സാനിട്ടേഷൻ സമിതികളുടെ നേതൃത്വത്തിൽ ഓടകളും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുളള സ്ഥലങ്ങളും വൃത്തിയാക്കുന്നുണ്ട്.
കടക്കരപ്പളളിയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കോവിഡ് രോഗികൾ ഉള്ള വീടുകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ വീടുകളിലും വൃത്തിയാക്കുന്നതിനായി ബ്ലീച്ചിങ് പൗഡർ നേരത്തെ നൽകിയിട്ടുണ്ട്.
മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ അടുത്തയാഴ്ച മുതൽ ഹരിത കർമ്മ സേന യുടെ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. കോവിഡ് സാഹചര്യം ആയതിനാൽ മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകിക്കഴിഞ്ഞു. കോവിഡ് രോഗികൾ ഉള്ള വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ സ്വന്തംനിലയ്ക്ക് ചെയ്യാൻ ഫോണിലൂടെ നിർദേശം നൽകുന്നുണ്ട്. 
ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീനിങ് പരിപാടി നടത്തി. 26, 27 തീയതികളിൽ കുടുംബശ്രീ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ശുചീകരണ പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു വാർഡിലേക്ക് അഞ്ച് സ്പ്രേയർ, 25 ലിറ്റർ ബ്ലീച്ചിംഗ് പൗഡർ , റാപ്പിഡ് റെസ്പോൺസ് ടീമിന് മാസ്ക്, ഗ്ലൗസ്, തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.
കഞ്ഞിക്കുഴിയിൽ വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ആർ ആർ ടി അംഗങ്ങൾക്കു പുറമെ ആരോഗ്യ വോളണ്ടിയർമാരും ശുചീകരണത്തിൽ പങ്കെടുക്കുന്നുണ്ട്.

ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയില്‍ മുഹമ്മ ഗ്രാമപഞ്ചായത്തിൽ വീടുകൾതോറുമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡ്രൈ ഡേയുടെ ഭാഗമായി എല്ലാ ഞായറാഴ്ചയും ഒരു മണിക്കൂർ വീതം ശുചീകരണ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ , ആർ ആർ ടി അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തവും ശുചീകരണ പ്രവർത്തനങ്ങൾക്കുണ്ട്.
മണ്ണഞ്ചേരിയിൽ കഴിഞ്ഞ ആഴ്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ, ആർ ആർ ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം.
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൊതു കേന്ദ്രങ്ങൾ വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലും ശുചീകരിക്കും.
ആര്യാട് വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൊതുക് നശികരണത്തിനായി അടുത്ത ആഴ്ച മുതൽ സ്പ്രേ ഉപയോഗിച്ചുള്ള അണുനശീകരണവും നടക്കും.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പുന്നപ്ര വടക്ക്, പുറക്കാട് പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും കുമ്മായം, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവ വിതരണം ചെയ്തിട്ടുണ്ട്.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്ത് പരിധിയിലെ ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കംചെയ്തു. പുറക്കാട് ആയുർവേദ ആശുപത്രി വഴി കൊതുക് നിവാരത്തിനായി എല്ലാ വാർഡുകളിലേക്കും രണ്ട് ലക്ഷം രൂപയുടെ അപരാജിത ചൂർണം വിതരണം ചെയ്യും. ഹോമിയോ പ്രതിരോധ മരുന്നുകൾക്കായി ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഹരിത കർമ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒഴുക്ക് നിലച്ച തോട്ടിലെ മാലിന്യങ്ങൾ തോട്ടിലിറങ്ങി ശുചീകരിച്ചു. പ്രസിഡന്റ്‌ എസ്. ഹാരിസും ഒപ്പമുണ്ടായിരുന്നു. വീടുകൾക്ക് മുകളിൽ വീണതും ഭീഷണി ഉയർത്തിയതുമായ  മരങ്ങള്‍ വെട്ടിമാറ്റി.

ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ കൈനകരിയിലെ ശുചീകരണ പ്രവർത്തനങ്ങൾ മഴയും ലോക്ക് ഡൗണും എത്തും മുൻപേ തന്നെ പൂർത്തീകരിച്ചു. എടത്വ ഗ്രാമപഞ്ചായത്തിലെ തോടുകളും ഓടകളും ശുചീകരിക്കുന്നതും 5,13 വാർഡുകളിലെ ബോട്ട് സർവീസ് ഉള്ള തോട്ടിലെ പോള സന്നദ്ധപ്രവർത്തകർ ചേർന്ന് നീക്കം ചെയ്യുന്നതും പുരോഗമിക്കുകയാണ്. കൊതുകിനെ അകറ്റാനായി ആയുർവേദ ചൂർണവും എല്ലാ വീടുകളിലും എത്തിച്ചു. തലവടി ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾ ഏറെ ഉള്ളതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ് ശുചീകരണം. 
വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയില്‍ കാവാലം, വെളിയനാട്, മുട്ടാർ പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വോളണ്ടിയർമാരുടെ സഹകരണത്തോടെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. സന്നദ്ധ സംഘടനകൾ ബ്ലീച്ചിംഗ് പൗഡറുകളും അണുനാശിനികളും ഉപയോഗിച്ച് പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നുണ്ട്. വെള്ളക്കെട്ടുളള പ്രദേശങ്ങളിലെ വീടുകളിൽ ഡോക്സിസൈക്ലിൻ ഗുളികകളുടെ വിതരണവും അവസാന ഘട്ടത്തിലാണ്.

രാമങ്കരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കോവിഡ് രോഗികൾ ഉള്ള വീടുകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ വീടുകളിലും വൃത്തിയാക്കുന്നതിനായി ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്യുന്നുണ്ട്.
പുളിങ്കുന്നിൽ ഹരിത കർമ്മ സേന യുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കോവിഡ് സാഹചര്യം ആയതിനാൽ മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകിക്കഴിഞ്ഞു.

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ മെയ്‌ ഒൻപതിന് ഡ്രൈ ഡേ ആചരിച്ചുകൊണ്ടായിരുന്നു മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചത്. മഴക്കാലമായാൽ വെള്ളം കെട്ടി നിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത്‌ മുൻ‌തൂക്കം നൽകുന്നത്. ഇതിനായി ചെറുതോടുകളിലെ പോള നീക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടക്കുന്നു. കാർത്തികപ്പള്ളി, ചെറുതന, വീയപുരം , തൃക്കുന്നപ്പുഴ, കുമാരപുരം, പള്ളിപ്പാട് പഞ്ചായത്തുകളിലും മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 
ഹരിപ്പാട് നഗരസഭാ പരിധിയിലെ 29 വാർഡുകളിലും മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാർഡുകളിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഓട വൃത്തിയാക്കൽ അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരത്തിലെ ഓടകൾ എല്ലാം തന്നെ നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു കഴിഞ്ഞു.

മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ മുതുകുളം, കൃഷ്ണപുരം ഗ്രാമപഞ്ചായത്തുകൾ മഴയും ലോക്ക് ഡൗണും എത്തും മുൻപേ തന്നെ ഒരു തവണ ശുചീകരണ പ്രവർത്തികൾ പൂർത്തീകരിച്ചു. മുതുകുളത്തെ തോടുകളും ഓടകളും ജെ സി ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ശുചീകരിക്കുകയും സ്വകാര്യ വ്യക്തികൾ അടച്ചു കെട്ടിയ നീർച്ചാലുകൾ നിയമസഹായത്തോടെ പൂർവ സ്ഥിതിയിലെത്തിച്ചുമാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. പത്തിയൂരിലും ആറാട്ടുപുഴയിലും ശുചീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷൻ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. പത്തിയൂരിൽ റോഡിന്റെ വശങ്ങളും ഓടകളും വൃത്തിയാക്കുകയും മാലിന്യം കുഴിച്ചു മൂടുകയും ചെയ്യുന്നുണ്ട്.കായംകുളം നഗരസഭയിലും ശുചീകരണം പുരോഗമിക്കുകയാണ്. മെയ്‌ 19 മുതൽ 25 വരെ ശുചീകരണ വാരാചരണം പ്രഖ്യാപിച്ചു.  

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധയിലെ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴമൂലം ഉണ്ടായ ദുരിതങ്ങൾ മുൻനിർത്തിയാണ് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കോവിഡ് രോഗികളുടെ വർദ്ധനവ് പല പഞ്ചായത്തുകളിലും മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തടസമായിട്ടുണ്ട്. തഴക്കരയിൽ വാർഡ് തല സമിതികളുടെ നേതൃത്വത്തിൽ സാനിറ്റൈസേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ചെട്ടികുളങ്ങരയിൽ ചെറുതോടുകൾ പോളയും മാലിന്യങ്ങളും നീക്കി ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. മാന്നാറിൽ വാർഡ് തല സമിതികൾ ചേർന്നു. ഈ ആഴ്ച തന്നെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. തെക്കേക്കര പഞ്ചായത്തിലും ഓട വൃത്തിയാക്കൽ അടക്കമുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മാവേലിക്കര നഗരസഭയിലെ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ മുളക്കുഴ ഗ്രാമ പഞ്ചായത്തിൽ ലഘുലേഖ വിതരണവും മൈക്ക് അനൗൺസ്മെന്റും നടത്തി. ഓടകൾ വൃത്തിയാക്കലും, പൊതു ഇടങ്ങളിലെ അണുനശീകരണവും നടന്നുവരികയാണ്. വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. കുടുംബശ്രീ അംഗങ്ങൾ, ആർ ആർ ടി അംഗങ്ങൾ, ആരോഗ്യ വോളണ്ടിയർമാർ തുടങ്ങിയവരുടെ പങ്കാളിത്തവും ശുചീകരണ പ്രവർത്തനങ്ങൾക്കുണ്ട്. ബുധനൂരിൽ കഴിഞ്ഞ ഞായറാഴ്ച ഡ്രൈ ഡേ ആചരിച്ചു. വാർഡ്തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ചെറിയനാട് വാർഡ് തല ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലയിൽ ഉറവിട മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പണ്ടനാട് വാർഡ്‌ തലത്തിൽ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, ജാഗ്രതാ സമിതി അംഗങ്ങൾ, സന്നദ്ധസേവകർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ ചില വാർഡുകളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മഴ മൂലമുണ്ടായ വെള്ളക്കെട്ട് ശുചീകരണ പ്രവർത്തനങ്ങൾ തടസ്സമായി. വള്ളികുന്നത്ത് വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകൾ തോറുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആശാവർക്കർമാർ, പ്രതിരോധ സേന അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഞായറാഴ്ച തോറുമുള്ള ഡ്രൈ ഡേയും ആചരിക്കുന്നുണ്ട്. നൂറനാട് വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പാലമേൽ ഗ്രാമ പഞ്ചായത്തിൽ വരുംദിനങ്ങളിൽ ഓടകളുടെ വൃത്തിയാക്കൽ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ അതതു വാർഡുകളിലാണ് ശുചീകരണം നടന്നുവരുന്നത്. ചുനക്കരയിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. താമരക്കുളത്ത് അടുത്ത ആഴ്ചയോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
 

date