Skip to main content

ഒരു കോടി ഫല വൃക്ഷതൈ വിതരണത്തിന് തുടക്കമായി

പ്രകൃതി അവബോധവും  സംരക്ഷണവും പരിഷ്‌കൃത സമൂഹത്തിന്റെ കടമയാണെന്ന് പി.ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ഒരു കോടി ഫലവൃക്ഷതൈ വിതരണ പരിപാടിയുടെ മലപ്പുറം മണ്ഡലം തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിസംരക്ഷണം പൊതുബോധത്തിലുള്ള തലമുറക്ക് മാത്രമേ യഥാര്‍ത്ഥ പ്രകൃതിസംരക്ഷണം നിര്‍വ്വഹിക്കാനാകൂവെന്നും എംഎല്‍എ പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച പാഷന്‍ ഫ്രൂട്ട്, പേര, പപ്പായ, കറിവേപ്പില, ചാമ്പക്ക, മാവ്, ഗ്രാഫ്റ്റ് പ്ലാവ് ഇനത്തില്‍പ്പെട്ട 1000 തൈകള്‍ വീതമാണ് ഓരോ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് വിളവെടുക്കുന്നതിനായി പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യുന്നുണ്ട്. ഗ്രാഫ്റ്റ് ഇനത്തില്‍പ്പെട്ടവയ്ക്ക് 25 ശതമാനം ഗുണഭോക്തൃവിഹിതം കര്‍ഷകര്‍ അടയ്ക്കണം. മറ്റുള്ളവയെല്ലാം സൗജന്യമാണ്. ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കാരാട്ട് അബ്ദു റഹിമാന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ.സക്കീര്‍ ഹുസൈന്‍, പി.കെ.അബ്ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ ശ്രീലേഖ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ് തോമസ്, നഗരസഭ കൗണ്‍സിലര്‍മാരായ സി.സുരേഷ് മാസ്റ്റര്‍, ശിഹാബ് മൊടയങ്ങാടന്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫീസര്‍ കെ കവിത ,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി ഷംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

date