Skip to main content

സന്നദ്ധപ്രവർത്തകരുടെ വാക്സിനേഷൻ; പ്രത്യേക നടപടിക്രമത്തിന് രൂപം നൽകും 

  എറണാകുളം: ജില്ലയിലെ എല്ലാ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനേഷന് മുൻപായി കോവിഡ് പരിശോധന നടത്തുവാൻ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു. ചെല്ലാനത്ത് ആരംഭിച്ച ഈ രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിനാണ് ശ്രമം. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ രീതി കൂടുതൽ ഗുണകരമാകുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. 
    പഞ്ചായത്തുകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ നൽകുന്നതിനായി പ്രത്യേക നടപടി ക്രമത്തിന് രൂപം നൽകാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. മുൻഗണനാ വിഭാഗത്തിൽ അനർഹർ ഉൾപ്പെടാതിരിക്കുന്നതിനാണ് നടപടി. ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള 11-ാം തീയതി വിദ്യാർത്ഥികൾക്കടക്കം വിവിധ ഓൺ ലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഡിജിറ്റൽ സേവന കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date