Skip to main content

പത്തനംതിട്ടയിലെ ശുചീകരണ യജ്ഞം തുടരും:  നഗരസഭാ ചെയര്‍മാന്‍

പത്തനംതിട്ട നഗരസഭ പ്രഖ്യാപിച്ച ക്ലീനിംഗ് ചലഞ്ച് സമാപിച്ചെങ്കിലും ശുചീകരണ യജ്ഞം തുടരുമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. മുന്‍പ് ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പയിന്റെ പ്രത്യേകത. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വലിയ ജനകീയ പങ്കാളിത്തത്തോടെയാണു ശുചീകരണ യജ്ഞത്തില്‍ നഗരവാസികളാകെ പങ്കാളികളായത്.

  വീട് വൃത്തിയായാല്‍ നാട് വൃത്തിയാകും എന്ന സന്ദേശത്തോടെ നഗരവാസികള്‍ സ്വന്തം വീടും പരിസരവും ശുചീകരിക്കണമെന്നായിരുന്നു ചലഞ്ചിലൂടെ നഗരസഭ അഭ്യര്‍ഥിച്ചത്. ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനായി ഓരോ വാര്‍ഡിലെയും ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഓരോ കുടുംബത്തെ ആദരിക്കാന്‍ നഗരസഭ തീരുമാനമെടുത്തിരുന്നു. ഇതിനായി ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ ചെയര്‍മാന്റെ ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ച ലിങ്കില്‍ അപ്ലോഡ് ചെയ്യുന്നതും നിര്‍ദ്ദേശിച്ചിരുന്നു. മൂന്നു വിദഗ്ധരടങ്ങുന്ന ജഡ്ജിങ് പാനലാണു വിജയികളെ കണ്ടെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനുശേഷം ജൂലൈ ആദ്യത്തോടെ വിജയികളായവരെ ആദരിക്കും. 

നഗരവാസികളില്‍ നിന്നും മികച്ച പ്രതികരണം ഉണ്ടായതിനെ തുടര്‍ന്ന് മേയ് 29ന് പ്രഖ്യാപിച്ച ചലഞ്ച് ജൂണ്‍ ആറുവരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തിയ മൂന്നു വാര്‍ഡുകള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കും. ഈ തുക മൂന്നു വാര്‍ഡുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

 

date