ജില്ല അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം പുതിയ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി
കാക്കനാട്: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ല അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം (ഡി.ഇ.ഒ.സി.) ജില്ലാ കളക്ടറുടെ ചേമ്പറിനു സമീപത്തായി സജ്ജമാക്കിയ പുതിയ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ റവന്യൂ വകുപ്പ് നടത്തിയ മഴക്കാലപൂര്‍വ്വ തയ്യാറെടുപ്പുകള്‍ അദ്ദേഹം വിലയിരുത്തി. പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളും പരിശോധിച്ചു. പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിര്‍ദേശങ്ങള്‍ അയക്കുകയും വിവരം ശേഖരിക്കുകയും വളരെ വേഗത്തില്‍ പ്രശ്‌ന പരിഹാരം കാണുകയുമാണ് റവന്യൂ, അഗ്‌നിശമന സേന, പോലീസ് വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും കര്‍മ്മനിരതമായിരിക്കുന്ന ജില്ല അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം ചെയ്യുന്നത്.
ഹസാര്‍ഡ് അനലിസ്റ്റ്, ദേശീയ ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ പദ്ധതിയിലെ കമ്മ്യൂണിറ്റി മൊബിലൈസര്‍ , ദേശീയ ദുരന്ത നിവാരണ സമിതിക്കു കീഴില്‍ കാലാവസ്ഥാ ഉപഗ്രഹ സംവിധാനം അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഫീല്‍ഡ് എഞ്ചിനീയര്‍ എന്നിവരടക്കം ആറ് ജീവനക്കാരാണ് ഡി.ഇ.ഒ.സി. സംഘത്തിലുള്ളത്. വയര്‍ലെസ് റേഡിയോ, ഉപഗ്രഹ ബന്ധം, ടോള്‍ ഫ്രീ നമ്പര്‍, വാട്‌സ് ആപ് സൗകര്യവും പോലീസ്, നാവിക സേന, അഗ്‌നിശമന സേനകളുമായി ഹോട്‌ലൈന്‍ കണക്ഷനുമുള്ള രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നീ സൗകര്യങ്ങളുമുണ്ട്. അടിയന്തിര ഘട്ടങ്ങളുണ്ടാകുമ്പോള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. വില്ലേജുകളില്‍ നിന്നും താലൂക്കുകളില്‍ നിന്നും മഴയുടെ തോത്, കാലാവസ്ഥ റിപ്പോര്‍ട്ട് എന്നിവ പ്രതിദിനം ശേഖരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് കൈമാറും. ദുരന്തത്തിന് പരിഹാരം തേടി വരുന്ന ഫോണ്‍ കോളുകള്‍ രേഖപ്പെടുത്തുകയും ഉടനടി നടപടി കൈക്കൊള്ളുകയും ചെയ്യും. വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങളില്‍ നാവിക സേനയുമായി സഹകരിച്ച് തുടര്‍ നടപടികള്‍ ഏകോപിപ്പിക്കും. ദുരന്തങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കുകയാണ് അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രത്തിന്റെ പ്രധാന ദൗത്യം. കാലാവസ്ഥ അനുകൂലമായ സന്ദര്‍ഭങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കു കീഴിലാണ് പ്രവര്‍ത്തനം. കളക്ടറേറ്റില്‍ത്തന്നെ ചെറിയ ഒരു മുറിയിലാണ് കേന്ദ്രം ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. നിര്‍മ്മിതി കേന്ദ്രയാണ് പുതിയ ഓഫീസ് തയാറാക്കിയത്.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എ.ഡി.എം. എം.കെ. കബീര്‍, ശിരസ്തദാര്‍ ഗീത കാണിശ്ശേരി, ഡെപ്യൂട്ടി കളക്ടര്‍ ഷീലാ ദേവി, അഗ്‌നിശമന സേന വിഭാഗം അഡീ. ഡിവിഷണല്‍ ഓഫീസര്‍ സിദ്ധ കുമാര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജോയന്റ് ഡയറക്ടര്‍ മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments