Skip to main content

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്

 

ആലപ്പുഴ: കോവിഡിന്റെ ഒന്നാംഘട്ട വ്യാപനത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 ലക്ഷം രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് സംവിധാനം സജ്ജമാക്കിയ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോവിഡ് രണ്ടാംഘട്ട വ്യാപന സമയത്തും മാതൃകാപരമായ ഇടപെടലുകളുമായി മുന്നോട്ട്. മെയ് മാസത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലുമായി 175 പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു. ആശാ പ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവയും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ ആംബുലൻസ് സൗകര്യത്തിന് പുറമേ രോഗികളെ കൊണ്ടുപോകുന്നതിനായി ഒരു ആംബുലൻസും ഒരു ടാക്സിയും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകൾക്ക് നൽകി. 
അഞ്ചു പഞ്ചായത്തുകളിലും ബോധവൽക്കരണ പ്രചാരണം, അനൗൺസ്മെന്റ് അടക്കം ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് ചെയ്യുന്നുണ്ട്. കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള  ഓൺലൈൻ ഫിസിയോതെറാപ്പി സൗകര്യവും ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നൽകുന്നുണ്ട്. ബ്ലോക്ക് പരിധിയിലുള്ള മൂന്ന് പോലീസ് സ്റ്റേഷനിലും കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മാസ്ക്, സാനിറ്റൈസർ, ഫേസ് ഷിൽഡ് എന്നിവ വിതരണം ചെയ്യാനുള്ള നടപടികളും ബ്ലോക്ക്‌ പഞ്ചായത്ത് തുടങ്ങി.

date