Skip to main content

നിലമ്പൂരില്‍ 288 കോടി രൂപയുടെ ശുദ്ധ ജല വിതരണ പദ്ധതി ഒരുങ്ങുന്നു

കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ ജല്‍ ജീവന്‍ മിഷനിലൂടെ നിലമ്പൂരില്‍ 288 കോടി രൂപയുടെ ശുദ്ധ ജല വിതരണ പദ്ധതി ഒരുങ്ങുന്നു. ചുങ്കത്തറ, എടക്കര, വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം മുന്‍നിര്‍ത്തി പി.വി. അന്‍വര്‍ എം.എല്‍.എയാണ് പദ്ധതി വിഭാവനം ചെയ്തത്. മേഖലയില്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഉണ്ടാവുന്ന ജനസംഖ്യാ വര്‍ധനവ് കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങളിലും പൈപ്പ് കണക്ഷനും ശുദ്ധമായ കുടിവെള്ളവും ഇതിലൂടെ ലഭ്യമാവും.

ചുങ്കത്തറ പഞ്ചായത്തില്‍ പൂക്കോട്ടുമണ്ണ റഗുലേറ്ററിന്റെ സംഭരണി പ്രദേശത്ത് നിലവില്‍ പൂര്‍ത്തീകരിച്ച കിണറും ചുങ്കത്തറ പഞ്ചായത്തിലെ കുറത്തിമലയില്‍ 30 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണശാലയും 32 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജല സംഭരണിയും പ്ലാന്റ് നില്‍ക്കുന്ന മലയുടെ മേല്‍ ഭാഗത്തായി എടക്കര, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളിലേക്കുള്ള ബാലന്‍സിങ് റിസര്‍വോയര്‍ ആയി എട്ടു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും ഉള്‍പ്പെടുന്നതാണ് പദ്ധതി. വഴിക്കടവ് പഞ്ചായത്തിലെ കനപ്പടിയാന്‍കുന്നിലും എടക്കര പഞ്ചായത്തിലെ മയിലാടുംകുന്നിലും  പോത്തുകല്ല് പഞ്ചായത്തിലെ കുരിശുമലയിലും കൂവക്കോല്‍ പ്രദേശത്തും ജല സംഭരണികളും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിക്കും.  തദ്ദേശ സ്ഥാപനങ്ങളുടെ പരിപൂര്‍ണ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ദിനംപ്രതി ആളോഹരി  100 ലിറ്റര്‍ വീതം കുടിവെള്ള വിതരണം നടത്തുവാന്‍ സാധിക്കും.

date