യു.ഐ.ടിയിൽ ബി.കോം കോ-ഓപ്പറേഷൻ
ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനമായ യു.ഐ.ടിയിൽ പുതുതായി ആരംഭിച്ച ബിരുദ കോഴ്‌സായ ബി.കോം കോ-ഓപ്പറേഷന് ഓൺലൈനായി രജിസ്‌ട്രേഷൻ തുടങ്ങി. അപേക്ഷകൾ ഓൺലൈനായി നൽകേണ്ട അവസാന തീയതി ജൂൺ എട്ട്. വെബ്‌സൈറ്റ്: http://admissions.keralauniversity.ac.in. ഫോൺ: 0477 2262654.
(പി.എൻ.എ 1168/ 2018)
പ്രവേശനോത്സവ നിറവിൽ അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പലപ്പുഴ ഉപജില്ലയിൽ വിപുലമായ പ്രവേശനോത്സവം. പുറക്കാട് ഗവ.ന്യൂ എൽ.പി സ്‌കൂളിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടേയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഈ വർഷം സർക്കാർ സ്‌കൂളുകളിൽ ചേർന്ന വിദ്യാർഥികളുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുറക്കാട് ന്യൂ.എൽ.പി സ്‌കൂളിൽ ഇത്തവണ പ്രവേശനം നേടിയത് 43 കുട്ടികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ 18 കുട്ടികളാണ് ഇത്തവണ അധികം പ്രവേശനം നേടിയത്. അമ്പലപ്പുഴ ഉപജില്ലയിൽ തന്നെ ഏറ്റവും കൂടതൽ വിദ്യാർഥികൾ പ്രവേശനം നേടിയത് ഗവ.ന്യൂ എൽ.പി സ്‌കൂളിലും മംഗലം ജി.എൽ.പി.എസിലുമാണ്. 25വർഷത്തിന് ശേഷം വിദ്യാർഥികൾ കൂടിയതിനാൽ ഒന്നാം ക്ലാസ് ഡിവിഷൻ രണ്ടായി തിരിച്ചു.
പ്രവേശനോത്സവം നടന്ന ദിവസം തന്നെ കുട്ടികൾക്കായി മൂന്നുതരം കറികളും പായസവുമടങ്ങുന്ന ഭക്ഷണമാണ് വിതരണം ചെയ്തത്. കുട്ടികളുടെ ആരോഗ്യ പരിരക്ഷണത്തിനായി മെനുവിൽ നിന്ന് പപ്പടം,അച്ചാറ്, രസം തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും വിദ്യാർഥികൾക്ക് നൽകുമെന്ന് ഹെഡ്മിസ്ട്രസ് ഡെയ്സമ്മ മത്തായി പറഞ്ഞു.
നടപ്പ് അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടാക്കാൻ ഇംഗ്ലീഷ് വായനയ്ക്ക് മുൻഗണന നൽകും. ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായാണിത്. സ്‌കൂളിലെ അധ്യാപകരിൽ ഭൂരിഭാഗം പേരുടേയും മക്കൾ ഈ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നത്. കുട്ടികളെ വരവേൽക്കാൻ സ്‌കൂൾ ചുമരുകളിലും ക്ലാസ് റൂമുകളും ചിത്രശലഭങ്ങളുടേയും പൂക്കളുടേയും ചിത്രങ്ങൾ വരച്ചിരുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, ദീപാ റോസ്, ജയശ്രീ ചന്തു, എ.ഇ.ഒ തുടങ്ങിയവരും സംസാരിച്ചു.
ചെങ്ങന്നൂരിലും പ്രവേശനോൽസവം നവ്യാനുഭവമായി
ചെങ്ങന്നൂർ : പുത്തനുടുപ്പിട്ടും വർണകുടകളും പിടിച്ച് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ അക്ഷരമുറ്റത്തേക്ക് കടന്ന വന്ന എല്ലാ കുരുന്നുകൾക്കും ഊഷ്മള വരവേൽപാണ് നൽകിയത്. മധുരവും നൽകി മുതിർന്ന കുട്ടികളും അധ്യാപകരും രക്ഷകർത്താളും ചെർന്ന് നൽകിയ സ്വീകരണം നവ്യാനുഭവമായി മാറി. ചെങ്ങന്നൂർ ഉപജില്ലാ പ്രവേശനോൽസവം വെൺമണി ജെബി സ്‌ക്കൂളിൽ നടന്നു. വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജുകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രവേശന സന്ദേശം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു നൽകി. ചെങ്ങന്നൂർ ഉപജില്ലയിലെ 97 സർക്കാർ- എയ്ഡഡ് സ്‌ക്കൂളുകളിലായി എണ്ണൂറിൽ പരം കുട്ടികൾ പുതിയായി ചേർന്നതായാണ് പ്രാഥമിക കണക്ക്. പഞ്ചായത്ത് തല പ്രവേശനോത്സവങ്ങളും നടന്നു.
ആവേശം പകർന്ന് പ്രവേശനോൽസവം
ഹരിപ്പാട്: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവേശം പകർന്നു മൂന്നാം വർഷത്തിൽ ജില്ലയിലെ ഹരിപ്പാട്, മുതുകുളം, ഭരണിക്കാവ് ബ്ലോക്കുകളിൽ പ്രവേശനോത്സവം നടന്നു. ചെണ്ട കൊട്ടിയും പാട്ടുപാടിയും ഉത്സവ പ്രതീതിയിലാണ് അധ്യാപകർ കുട്ടികളെ സ്‌കൂളിലേക്ക് ആനയിച്ചത്. പ്രവേശന ഗാനം ആലപിച്ച് പുതിയ കുട്ടികളെ പഴയ കുട്ടികൾ സ്വീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരദീപവും തെളിയിച്ചതും കുട്ടികൾക്ക് വേറിട്ട അനുഭവമായി.
ഹരിപ്പാട്, മുതുകുളം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളിലും നടന്ന പരിപാടികളിൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, വൈസ് പ്രസിഡന്ററുമാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വിവിധ സന്നദ്ധ സേവന സംഘങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കിയ പഠനോപകരണങ്ങളുടെ വിതരണവും നടത്തി. ഹരിപ്പാട്, മുതുകുളം, ഭരണിക്കാവ് ബ്ലോക്കുകളിലെ വിവിധ സ്‌കൂളുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് പുതുതായി പ്രവേശനം നേടിയിരിക്കുന്നത്.
പ്രവേശനോത്സവം ആഘോഷിച്ചു
പട്ടണക്കാട്: പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം പട്ടണക്കാട് ഗവ. എൽ പി സ്‌കൂളിൽ ആഘോഷിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗത വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. സ്വാഗതഗാനവും പ്രവേശനോത്സവ ഗാനവും കുട്ടികൾക്ക് ഉന്മേഷവും ഉണർവും നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ എസ് എം സി ചെയർമാൻ മഹേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റ്റി എം ഷെരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർ യമുന സന്ദേശം വായിച്ചു. എം കെ ജയപാൽ, കെ വി സുകുമാരൻ, മാധവൻ , അജി, മനാഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗത വിദ്യാർത്ഥികൾക്ക് കുടയും ബാഗും നൽകി. കൂടാതെ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും രണ്ടു നോട്ട് ബുക്കും ഒരു പെൻസിലും നൽകി. അധ്യാപികയായ ചിത്രലേഖ രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു. പ്രധാനാധ്യാപക ഗീതമ്മ സ്വാഗതവുംലത ടീച്ചർ നന്ദിയും പറഞ്ഞു.
(പി.എൻ.എ 1169/ 2018)
കൂട്ടുകാർക്ക് നല്ല ശീലം
പകർന്നുനൽകാൻ കൈപ്പുസ്തകം
ആലപ്പുഴ: ഒന്നുമുതൽ പത്താംക്ലാസുവരെയുള്ള പൊതുവിദ്യാലയങ്ങളിലെ കൂട്ടുകാർക്ക് സർക്കാരിന്റെ സമ്മാനം അറിവുകളേറെയുള്ള കൈപ്പുസ്തകം. ചെറുപ്പം മുതൽ കുട്ടികൾ ശീലിക്കേണ്ട നല്ല കാര്യങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്ന വർണപുസ്തകം വിദ്യാർഥികൾക്ക് വിതരണം ചെയ്താണ് സ്‌കൂൾ തുറപ്പ് ഇത്തവണ കെങ്കേമമാക്കിയത്.
ഒന്നുമുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൂട്ടുകാരെ ബോധവാന്മാരാക്കാൻ പാഠത്തിനപ്പുറമെന്ന പേരിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വളർന്നുവരുമ്പോൾ എല്ലാവരും സമന്മാരാണന്ന ബോധ്യം പുതുതലമുറയ്ക്കുണ്ടാകണമെന്നും പുസ്തകം പറയുന്നു.53,881 പുസ്തകങ്ങളാണ് ഇതിനായി ജില്ലയിൽ മാത്രം വിതരണം ചെയ്തത്. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ പേര് ജീവിതപാഠമെന്നാണ്. 1,20,929 പുസ്തകങ്ങളാണ് മുതിർന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്തത്.
വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായിട്ടാണ് എൽ.പി , യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നല്ലപാഠവും നല്ല ശീലവും പകർന്ന് നൽകാൻ കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 'പ്രിയപ്പെട്ട കുഞ്ഞേ' എന്ന് അഭിസംബോധന ചെയ്തുളള മുഖ്യമന്ത്രിയുടെ കത്തും പുസ്തകത്തിന്റെ പ്രത്യേകതയാണ്. അനുഭവങ്ങൾ പങ്കുവയ്ക്കാനും മുഖ്യമന്ത്രി ഓരോ കുഞ്ഞുകൂട്ടുകാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻവർഷം അദ്ദേഹത്തിന്റെ കത്തിന് മറുപടി അയച്ചവയിൽ മികച്ച കത്തുകൾക്ക് സമ്മാനവും നൽകിയിരുന്നു.
പ്രകൃതിയേയും മനുഷ്യനേയുംഅറിയാനും നന്മയുള്ള മനുഷ്യരായി ജീവിക്കാനും പുതുതലമുറയെ പ്രാപ്തമാക്കുന്ന വിധമാണ് പുസ്തകത്തിലെ ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കുടിവെള്ളം പോലെയുള്ള പ്രകൃതി വിഭവങ്ങൾ നാളെയും ഉപയോഗിക്കാനാകണമെന്ന് പുസ്തകം വിദ്യാർഥികളോട് ആവശ്യപ്പെടുന്നു. മുതിർന്നവരെ ബഹുമാനിക്കുകയും കരുതലോടെ അവരെ സ്‌നേഹിക്കുകയും വേണം, െൈമൊബൽ ഫോൺ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യരുത്, പ്രതിരോധ മരുന്നുകൾ കഴിക്കുന്നതിന്റെ ആവശ്യകത തുടങ്ങീ വിഷയങ്ങളും പുസ്തകം ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.
(പി.എൻ.എ 1170/ 2018)
- Log in to post comments