പനി പടരാതിരിക്കാന്‍ ജാഗ്രതയോടെ തിരൂര്‍ നഗരസഭ
പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ തിരൂര്‍ നഗരസഭയും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രതിയിലാണ്. നിലവില്‍ നിപയോ മറ്റേതെങ്കിലും പകര്‍ച്ച വ്യാധികളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ ഒരു ജാഗ്രതാ കുറവും വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. വീടുകള്‍ തോറും ശുചിത്വ സ്‌ക്വാഡുകള്‍ സന്ദര്‍ശനം നടത്തി പകര്‍ച്ച വ്യാധികള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം വെള്ളക്കെട്ടുകള്‍ ഒഴുക്കി വിടുകയും ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും കാടുമൂടിയ ഭാഗങ്ങള്‍ വെട്ടിത്തെളിക്കാനും ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ കമ്മിറ്റികള്‍ മുഖേന 8000 ത്തിലധികം വീടുകളില്‍ നിപ വൈറസ് സംബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നതോടൊപ്പം കൊതുകു നശീകരണത്തിനായി ലാര്‍വിസൈഡല്‍ സ്പ്രേയിംഗും പുരോഗമിക്കുകയാണ്. പൊതു സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ അതത് ദിവസങ്ങളില്‍ തന്നെ ശുചീകരിക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കെട്ടിട ഉടമകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മതിയായ സൗകര്യങ്ങളില്ലാതെ താല്‍ക്കാലിക ഷെഡുകളില്‍ പ്രവര്‍ത്തിക്കുന്ന ചില കേന്ദ്രങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയും ഇവ ഉടന്‍ പൊളിച്ച് മാറ്റുമെന്നും നഗരസഭ ചെയര്‍മാന്‍ ബാവ കല്ലിങ്ങല്‍ പറഞ്ഞു. തട്ടുകളടക്കമുള്ള അനധികൃത കച്ചവട കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പധികൃതരുടെ മേല്‍ നോട്ടത്തില്‍ പരിശോധന നടത്തുകയും അടച്ചിടാന്‍ നര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുയാണ്. തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- Log in to post comments