Skip to main content

തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു

തിരുവിതാംകൂർ പൈതൃകപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തിരുവിതാംകൂർ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ 30 കെട്ടിടങ്ങളെ ഉൾപ്പെടുത്തി അഞ്ച് സോണുകളിലായി ഇല്യുമിനേഷൻ പദ്ധതി നടപ്പിലാക്കും. കെട്ടിടങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും ആകർഷകമാകുന്ന വിധത്തിൽ ദീപാലംകൃതമാക്കുന്നതാണ് ഇല്യുമിനേഷൻ പദ്ധതി. ഇതിനായി 35.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നവംമ്പർ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് ഒരു പൈതൃക കെട്ടിടത്തിന്റെ ഇല്യുമിനേഷൻ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
തിരുവിതാംകൂറിലെ പൈതൃക കെട്ടിടങ്ങളും ക്ഷേത്രങ്ങളും സംരക്ഷിച്ചുകൊണ്ട് ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നു. മുസിരിസ്, ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി മാതൃകയിലാണ് തിരുവിതാംകൂർ പൈതൃക ടൂറിസം സർക്യൂട്ട് പദ്ധതി വിഭാവനം ചെയ്തത്.
യോഗത്തിൽ ടൂറിസം വകുപ്പ് ഡയറക്ടർ വി ആർ കൃഷ്ണതേജ ടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടി വി പത്മകുമാർ, ഡെപ്യൂട്ടി ഡയറക്ടർ എ ആർ സന്തോഷ് ലാൽ, ആർക്കിടെക്ട് ആഭാ നരേയിൻ ലാംബ, സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രതിനിധി നീതു തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 2776/2021
 

date