Skip to main content

ദേശീയപാത സ്ഥലമെടുപ്പ് നഷ്ടപരിഹാരം; പരാതി പരിഹരിക്കുമെന്ന് മന്ത്രി കെ.രാജന്‍

 

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പിന്റെ വിലനിർണ്ണയത്തിൽ ഉണ്ടായ അപാകം പരിഹരിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ ഉറപ്പു നൽകിയതായി എച്ച് സലാം എം എൽ എ.

മണ്ഡലത്തിലെ പുറക്കാട് വില്ലേജിലെ ബ്ലോക്ക് 21 ൽപ്പെട്ട സ്ഥലങ്ങളിൽ നഷ്ടപരിഹാര തുകയിൽ ഏറെ കുറവുണ്ടായിരിന്നതായി എം.എല്‍.എ പറഞ്ഞു.  ആനന്ദേശ്വരം മുതൽ കൊട്ടാരവളവു വരെയുള്ള ഭാഗത്ത്അനുവദിച്ച നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത് കുറവാണ്.  വിഷയവുമായി ബന്ധപ്പെട്ട് ന്യായമായ നഷ്ട പരിഹാരം സ്ഥലം ഉടമകൾക്ക് ലഭ്യമാക്കണമെന്നും ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും എച്ച് സലാം എം എൽ എ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒപ്പം വിഷൻ ആൻറ് മിഷൻ്റെ ഭാഗമായി തിരുവനന്തപുരത്തു ചേർന്ന യോഗത്തിലും എം എൽ എ വിഷയം ശക്തമായി ഉന്നയിച്ചു.
സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാത്ത ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുമൂലമുണ്ടായ പ്രശ്നം പരിഹരിക്കണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും എച്ച് സലാം യോഗത്തിൽ ആവശ്യപ്പെട്ടു. തുടർന്നാണ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടായത്. 

പുറക്കാട് പഞ്ചായത്തിലെ 21 ബ്ലോക്കിൽപ്പെടുന്ന മൂന്ന് കിലോമീറ്ററിനുള്ളിൽ നടന്ന ഉയർന്ന വിലയുള്ള ആധാരങ്ങൾ ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾ എം എൽ എക്ക് നിവേദനം നൽകിയിരുന്നു. ഫിഷിങ് ഹാർബർ, ഗവ.ഐ ടി ഐ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, ബി എസ് എൻ എൽ ഓഫീസ്, ഹാർബർ എഞ്ചിനീയറിങ് ഓഫീസ്, പ്രാധമികരോഗ്യ കേന്ദ്രം, ബാങ്ക്, മാവേലി സ്‌റ്റോർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങളുള്ള ഇവിടെ ന്യായമായ നഷ്ട പരിഹാരം ലഭ്യമാക്കുന്നതു സംബന്ധിച്ച് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്, റവന്യുമന്ത്രി കെ രാജൻ എന്നിവർക്ക്
നേരത്തെ കത്തു നൽകിയിരുന്നു. വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് പരിശോധിച്ച് പരിഹരിക്കുമെന്നും ഇതിന് റവന്യു വകുപ്പ് സെക്രട്ടറി, കളക്ടർ എന്നിവരെ യോഗം ചുമതലപ്പെടുത്തിയതായും എച്ച്.സലാം എം എൽ എ അറിയിച്ചു.
 

date