Skip to main content

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  'ഡോക്ടേഴ്സ് ഫോർ യു' വിന്റെ 10 കോടിയുടെ സഹായം

 

* ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വാക്സിൻ നൽകും 

ആലപ്പുഴ : ‌സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്
 'ഡോക്ടേഴ്സ് ഫോർ യു' വിന്റെ സാമ്പത്തിക സഹായം. 'ഡോക്ടേഴ്സ് ഫോർ യു' 10 കോടി രൂപ സഹായമായി നൽകും. 

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗാടെ,  ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ , ഡോക്ടേഴ്സ് ഫോർ യു ഭാരവാഹികൾ എന്നിവർ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ആലപ്പുഴ ജില്ലയ്ക്കായി ഒരു ലക്ഷം വാക്സിൻ നൽകും.  ജില്ലയിലെ ടൂറിസം മേഖലയ്ക്കായിരിക്കും ആദ്യ പരിഗണന.  ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും വാക്സിൻ നൽകും. കൂടാതെ ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം വാക്സിൻ നൽകുന്നതിന്
പ്രവർത്തനം ഏകോപിപ്പിക്കും.

 കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഡോക്ടേഴ്സ് ഫോർ യു നിരവധി സഹായങ്ങൾ ചെയ്യുന്നുണ്ട്. ഓക്സിജൻ പ്ലാന്റ്, ഓക്സിജൻ ബെഡ്, ഓക്സിജൻ കോൺസൺട്രേറ്റർ, വെന്റിലേറ്റർ, ബൈപ്പ, സിറിഞ്ച് പൈപ്പ്, വാക്സിനേഷൻ ടീം അടക്കമുള്ള സഹായങ്ങൾ നൽകി വരികയാണ്. അടുത്ത ഘട്ടത്തിൽ ആംബുലൻസ്, ഡയാലിസിസ് യൂണിറ്റ് എന്നിവ 
അടക്കമുള്ള സഹായങ്ങളും നൽകും.

ചർച്ചയിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, വൈസ് പ്രസിഡന്റ് വിപിൻ സി ബാബു, സ്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ. റിയാസ്, ഡോക്ടേഴ്സ് ഫോർ യു  പ്രസിഡന്റ് രാജത്ത് ജെയ്ൻ, സ്റ്റേറ്റ് ഡയറക്ടർ ജേക്കബ് ഉമ്മൻ അരുക്പുറം, കെഡിസ്ക് ജില്ലാ കോഡിനേറ്റർ അബ്ദുള്ള ആസാദ് എന്നിവർ പങ്കെടുത്തു.

date