തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍ * 'തൊഴില്‍ നയം: കാഴ്ചപ്പാടും ദൗത്യവും' ശില്‍പശാല സംഘടിപ്പിച്ചു
തൊഴില്‍ നിയമങ്ങളുടെ പ്രയോഗം തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച 'തൊഴില്‍ നയം: കാഴ്ചപ്പാടും ദൗത്യവും' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വിരുദ്ധ സമീപനം കേരളത്തില്‍ അനുവദിക്കില്ല. ആ അര്‍ഥത്തിലുള്ള പ്രവര്‍ത്തനം ഉദ്യോഗസ്ഥരില്‍നിന്നുണ്ടാകണം. തൊഴില്‍ സുരക്ഷിതത്വവും, തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണമെന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ്.
സംസ്ഥാന വികസനത്തില്‍ തൊഴില്‍മേഖലയ്ക്ക് അതിപ്രധാന പങ്ക് വഹിക്കാനുണ്ട്. തര്‍ക്കങ്ങള്‍ നിറഞ്ഞ തൊഴില്‍മേഖല വികസനത്തിന്റെ ചൂണ്ടുപലകയല്ല. തൊഴില്‍ സൗഹൃദ, നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതില്‍ അടിസ്ഥാനശിലയായി തൊഴില്‍വകുപ്പിന് പ്രവര്‍ത്തിക്കാനാകണം. സംതൃപ്തമായ അന്തരീക്ഷം കേരളത്തില്‍ ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ പരമാവധി ഒഴിവാക്കാനും പരിഹരിക്കാനും ശ്രമം നടത്തും. ഇതില്‍ അധിഷ്ഠിതമായാണ് തൊഴില്‍ നയം രൂപീകരിച്ചിരിക്കുന്നത്. തൊഴിലാളി-തൊഴിലുടമാ ബന്ധവും സുദൃഢമാകണം. കേരളവികസനത്തില്‍ തൊഴില്‍മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുന്നതിനും നൈപുണ്യം വികസിപ്പിക്കുന്നതിനും വ്യാവസായിക പരിശീലന പദ്ധതി ആധുനികവത്കരിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍നയം ഊന്നല്‍ നല്‍കും. എല്ലാ മേഖലകളില്‍നിന്നുമുള്ള അഭിപ്രായം പരിഗണിച്ചാണ് നയം യാഥാര്‍ഥ്യമാക്കിയത്.
ചെയ്യാത്ത ജോലിക്ക് കൂലി, അമിതകൂലി, യൂണിയനുകള്‍ തൊഴിലാളികളെ സെപ്ലെ ചെയ്യുന്ന അവസ്ഥ എന്നിവ അവസാനിപ്പിക്കാനായി. 23 മേഖലകളില്‍ ഇതിനകം മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. എന്താണ് അര്‍ഹതപ്പെട്ട കൂലി, മറ്റ് ആനുകൂല്യങ്ങള്‍ എന്ത്, അതെങ്ങനെ ലഭിക്കും തുടങ്ങിയ വിവരങ്ങള്‍ തൊഴിലാളികളെയും തൊഴിലുടമകളെയും സംഘടനകളേയും ബോധവത്കരിക്കേണ്ടതും വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. തൊഴില്‍ വകുപ്പ് ഓഫീസുകള്‍ തൊഴിലാളി സൗഹൃദമാകുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ് എ.വി. ജോസ് ആശംസയര്‍പ്പിച്ചു. ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍ സ്വാഗതവും കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. ഷജീന നന്ദിയും പറഞ്ഞു. കോവളം കെ.ജെ.ജെ.എം ആനിമേഷന്‍ സെന്ററില്‍ നടക്കുന്ന രണ്ടുദിവസത്തെ ശില്‍പശാല ശനിയാഴ്ചയും തുടരും.
പി.എന്‍.എക്‌സ്.2312/18
- Log in to post comments