പോളിടെക്‌നിക് കോളേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും: മന്ത്രി ജി. സുധാകരന്‍
വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷിയായി പ്രവര്‍ത്തനം മന്ദീഭവിച്ച പോളിടെക്‌നിക് കോളേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കടുത്തുരുത്തി പോളിടെക്‌നിക്കില്‍ 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് വികലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഐടിഐ കളെയും പോളിടെക്‌നിക്ക് കോളേജുകളെയും അവഗണിച്ച് നിരവധി എഞ്ചിനീയറിംഗ് കോളേജുകളാണ് പടുത്തുയര്‍ത്തി യത്. നിലവില്‍ സ്വകാര്യമേഖലയില്‍ ഉളളതു ഉള്‍പ്പടെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത അവസ്ഥയാണ്. പല കോഴ്‌സുകളിലും പഠിച്ചവര്‍ക്ക് അനുയോജ്യമായ ജോലികള്‍ ലഭിച്ചിട്ടില്ല. സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളും പഠനരീതിയും അടിസ്ഥാനപരമായി പുനരാവിഷ്‌ക്കരിക്കേണ്ടതുണ്ട്. പഠന രീതിയുടെ യാഥാര്‍ത്ഥിക സ്വഭാവത്തില്‍ മാറ്റം വരുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിജ്ഞാനം നല്‍കണം. പാലം, റോഡ്, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ ജോലികളില്‍ ഇവരെ വിന്യസിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ രീതിയില്‍ മാറ്റം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ സുധര്‍മ്മന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് പുത്തന്‍കാല, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.എസ് ബിന്ദു നന്ദിയും പറഞ്ഞു.
- Log in to post comments