Skip to main content

ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ 24 x 7ന് തുടക്കമായി

24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ തിരുവനന്തപുരം വിമൻസ് കോളജിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ സാന്നിധ്യത്തിൽ പ്രവർത്തനം ആരംഭിച്ചു. വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ പ്രത്യേകത. ഓൺലൈനായി രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ സെന്ററിലെത്തുന്നവർക്ക് വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്‌ട്രേഷൻ സ്ഥിരീകരിക്കാനും വാക്‌സിൻ സ്വീകരിക്കാനും നിരീക്ഷണം പൂർത്തിയാക്കാനും സാധിക്കും.

 

ഓൺലൈൻ ബുക്കിംഗിലൂടെ ലഭിക്കുന്ന സമയം ക്രമം കൃത്യമായും പാലിക്കണം. അഥവാ പാലിക്കാൻ സാധിച്ചില്ലെങ്കിൽ ആ ദിവസത്തെ വാക്‌സിനേഷൻ സമയം തീരുന്നതിനുമുമ്പ് കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. വാക്‌സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും. ചിട്ടയായും സുരക്ഷിതമായും മികവുറ്റ രീതിയിൽ വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ യജ്ഞം ആരംഭിച്ചതെന്നു ജില്ലാ കളക്ടർ പറഞ്ഞു. സെന്ററിലെ സ്ഥിതിഗതികൾ കളക്ടർ വിലയിരുത്തുകയും വാക്സിൻ സ്വീകരിച്ചവരോട് അനുഭവം ചോദിച്ചറിയുകയും ചെയ്തു.

 

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്.18 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്.ഇതിനായുള്ള സ്ലോട്ട് എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പൺ ആകും.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.  

 

നൂതന ആശയങ്ങൾ നടപ്പാക്കിയാണ് ജില്ലയിൽ വാക്സിനേഷൻ പുരോഗമിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ ഇതുവരെ 28ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.കെ. വിനീത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date