Skip to main content

നഗരസഭാ സേവനങ്ങള്‍ വീട്ടുമുറ്റത്ത്;  വാര്‍ഡുതല ജനസേവന കേന്ദ്രങ്ങള്‍ക്ക് പൊന്നാനിയില്‍ തുടക്കമായി

നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി  പൊന്നാനി നഗരസഭയില്‍ ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ പ്രഥമ സേവാഗ്രാം പ്രവര്‍ത്തനങ്ങള്‍ക്ക് 26-ാം വാര്‍ഡായ കടവനാട് നിള ലൈബ്രറി കേന്ദ്രത്തിലാണ് തുടക്കമായത്. വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ ഓഫീസായും നഗരസഭയുടെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സേവാഗ്രാം ഓഫീസായും കേന്ദ്രം പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ സേവനങ്ങളുടെയും ആനൂകൂല്യങ്ങളുടെയും അപേക്ഷകളും മറ്റും കേന്ദ്രത്തില്‍ നിന്നും ലഭ്യമാകും. പൊന്നാനി നഗരസഭയുടെ പുതിയ ഭരണ സമിതിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുഴുവന്‍ വാര്‍ഡുകളിലും ജനസേവാ കേന്ദ്രങ്ങള്‍ തുടങ്ങുകയെന്നത്. ഇതിന്റെ തുടര്‍ച്ചയായി  വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ ഓഫീസ്/ ജന സേവന കേന്ദ്രം എന്ന തരത്തില്‍ സേവാഗ്രാം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുക്കുകയായിരുന്നു. അംഗന്‍വാടി കെട്ടിടം, ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാള്‍, ഷോപ്പിങ് കോംപ്ലക്‌സില്‍ ലഭ്യമാകുന്ന സ്ഥലം, ഘടക സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന സ്ഥലം, ഒഴിഞ്ഞുകിടക്കുന്നതും  ഉപയോഗയോഗ്യമായതുമായ മറ്റ് കെട്ടിടങ്ങള്‍  എന്നിവയാണ് ഓഫീസായി പ്രവര്‍ത്തിക്കുക.

date