Skip to main content

താല്‍ക്കാലിക ഓഫീസ് സജ്ജീകരണ പ്രവൃത്തി എംഎല്‍എ വിലയിരുത്തി

മലപ്പുറം കെ.എസ് ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സില്‍ യാര്‍ഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള ഓഫീസ്  കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടത്തില്‍ താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള  നിര്‍മ്മാണ പ്രവൃത്തി പി.ഉബൈദുള്ള എം.എല്‍.എ. വിലയിരുത്തി. താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തനം ഉടന്‍ തന്നെ പുതിയ കെട്ടിടത്തില്‍ ആരംഭിക്കുന്നതിനായുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്  പ്രവൃത്തിക്കുന്ന സ്ഥലത്താണ്  യാര്‍ഡ് നിര്‍മ്മിക്കുന്നത്. ജൂണ്‍ എട്ടിന് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  ഉന്നത തല യോഗ തീരുമാനത്തെ തുടര്‍ന്ന്  പി.ഉബൈദുള്ള എം.എല്‍.എ യുടെ  നേതൃത്വത്തില്‍ കെ.എസ് ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ മലപ്പുറം ഡിപ്പോ സന്ദര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പുന:രാരംഭിച്ചത്. ബസ് ടെര്‍മിനല്‍ കം ഷോപ്പിങ്  കോംപ്ലക്‌സ് നിര്‍മ്മാണം 2021 ഡിസംബര്‍ 31 നകം പൂര്‍ത്തീകരിച്ച് ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുന്നതിനായി സമയബന്ധിതമായി  നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓഫീസ് മാറ്റം.പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് വരെ  എല്ലാ  ഓഫീസുകളും പതിയ കെട്ടിടത്തിലെ താല്‍ക്കാലിക സംവിധാനത്തിലായിരിക്കും  പ്രവര്‍ത്തിക്കുക. ഇതിനായി എം.എല്‍ എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട് . സന്ദര്‍ശന വേളയില്‍ മലപ്പുറം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ , കെ.എസ് ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ എന്നിവരും എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്നു.

date