Skip to main content

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ആശ്വാസമേകി സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ

 

ആലപ്പുഴ: സമൂഹത്തില്‍ പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടെയും വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഉപരിയായി സന്നദ്ധ - സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ പരിഹാരം കണ്ട് ജില്ലയിലെ സാമൂഹ്യനീതി വകുപ്പ്.
 
മഹാമാരിക്കാലത്ത് ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരായവര്‍ക്ക് ഉപജീവനോപാധി എന്ന നിലയില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് ഒരു വിപണന കേന്ദ്രമൊരുക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ  ശ്രദ്ധയില്‍പ്പെടുത്തി കളക്ട്രേറ്റ് വളപ്പില്‍ വിപണന കേന്ദ്രം ആരംഭിക്കാനായത് ദുരിതം അനുഭവിക്കുന്നവർക്ക് വലിയ സഹായമായി. വിവിധ സന്നദ്ധ സംഘടനകളുടെ കൂടെ ഫലപ്രദമായ ഇടപെടലിലൂടെ മസ്കുലര്‍ അസ്ട്രോഫി ബാധിച്ച നിര്‍ധന കുടുംബത്തിലെ പത്ത് വയസുകാരന് ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക്ക് വീല്‍ ചെയര്‍ ചേര്‍ത്തല ജനരക്ഷാ മെഡിക്കല്‍സ് മുഖേന സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി കഴിഞ്ഞ ദിവസം മന്ത്രി പി. പ്രസാദ്‌ കൈമാറിയിരുന്നു.
 
​മായിത്തറ സർക്കാർ വൃദ്ധമന്ദിരത്തിലെ  വയോജനങ്ങള്‍ക്ക് സുഖകരമായ ശ്വസനം സാധ്യമാക്കുന്നതിനായി എ.ഡി.ആര്‍.എഫ്. ഡയറക്ടറും സത്യസായി സേവ സമിതി സോണല്‍ ഇന്‍ചാര്‍ജൂമായ പ്രേം സായി ഹരിദാസിന്‍റെ നേതൃത്വത്തില്‍ ഒന്നര ലക്ഷം രൂപ വില വരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ബാങ്ക് എത്തിച്ച് നൽകി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലും വൃദ്ധ മന്ദിരത്തിലും പള്‍സ് ഓക്സി മീറ്ററുകളും മായിത്തറ സർക്കാർ മന്ദിരത്തില്‍ വീല്‍ ചെയറും ശിശു വികലാംഗ സദനത്തിലെ കുട്ടികള്‍ക്ക്  ഓണക്കോടി എത്തിക്കുന്നതിനും സാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ ജില്ലാ സാമൂഹ്യനീതി വകുപ്പിനായി. ‍വിരലില്‍ എണ്ണാവുന്ന ജീവനക്കാരുമായി ഏറെ പരിമിതികള്‍ നിറഞ്ഞ ഓഫീസ് സംവിധാനത്തിന് കീഴില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് പ്രവര്‍ത്തിക്കുമ്പോഴും ജില്ലാ ഭരണകൂടത്തിന്റെയും ഇതര വകുപ്പുകളുടെയും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണവും പിന്‍തുണയോടും കൂടി ജില്ലയില്‍ പ്രയാസമനുഭവപ്പെടുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍, സൂപ്രണ്ട് ദീപു, സാമൂഹ്യനീതി ജീവനക്കാര്‍, പ്രേം സായി ഹരിദാസ്‌, കെ. രാമചന്ദ്രന്‍ പിള്ള, ഡോ. സേതു ശിവന്‍, റിട്ട. പ്രിന്‍സിപ്പല്‍ രാജലക്ഷ്‌മി, സാമൂഹ്യസന്നദ്ധ സംഘടന കൂട്ടായ്മയുടെ ഭാരവാഹികളായ അഡ്വ. സുരേഷ് കുമാര്‍, ഷെമീര്‍, ഹരികൃഷ്ണന്‍, അജിത്ത് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ മഹാമാരിക്കാലത്ത് സമൂഹത്തില്‍ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മനസുള്ളവര്‍ക്കെല്ലാം ജില്ലാ സാമൂഹ്യനീതി വകുപ്പിൻറെ നേതൃത്വത്തിലുള്ള സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തന സംഘത്തില്‍ പങ്ക് ചേരാം.

date