Skip to main content

കോവിഡ് ബാധിതർക്ക് തിരുവോണ സദ്യ വിളമ്പി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്

 

ആലപ്പുഴ: ഓണനാളുകളിൽ കോവിഡ് ബാധയേറ്റ് കലവൂർ ഡി.സി. മിൽസിലെ ഒന്നാം തല കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന നാനൂറോളം കോവിഡ് ബാധിതർക്ക് തിരുവോണ നാളിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ഓണ സദ്യ വിളമ്പി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രജീഷ് എന്നിവർ മുൻകൈയെടുത്താണ് സദ്യ ഒരുക്കാൻ തീരുമാനിച്ചത്. ഉപ്പേരി മുതൽ പായസം വരെ തൂശനിലയിൽ കോവിഡ് ബാധിതർക്കായി വിളമ്പി. മാസ്കും, പി.പി.ഇ. കിറ്റും ധരിച്ചാണ് ഭക്ഷണം വിതരണം നടത്തിയത്. 

പുന്നപ്രയിൽ നിന്നുള്ള അമ്മയും രണ്ടു മക്കളും കഴിഞ്ഞ ദിവസമാണ് ചികിത്സാകേന്ദ്രത്തിൽ എത്തിയത്. ഓക്സിജൻറെ അളവ് താഴ്ന്നതിനെ തുടർന്ന് അമ്മയെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മാറിയുടുക്കാൻ ഒരു വസ്ത്രം പോലുമില്ലാതെയാണ് കുട്ടികൾ അവിടെ എത്തിയതെന്നറിഞ്ഞപ്പോൾ അവർക്കായി ഓണക്കോടിയും ബ്ലോക്ക് പഞ്ചായത്ത് വാങ്ങിനൽകി.

date