Skip to main content

വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം - മന്ത്രി എ.കെ ശശീന്ദ്രന്‍

വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുമായി മന്ത്രി ചര്‍ച്ച നടത്തി

വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുടെയും, വനം-റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് ഓഫീസുകളില്‍ ചെല്ലാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം ഇന്നും നിലവിലുണ്ട്. ഈ സ്ഥിതി മാറണം. വനം വകുപ്പ് ഓഫീസുകള്‍ സൗഹൃദ്പരവും ജനകീയവുമാകണം. നിസാര കാര്യങ്ങള്‍ക്ക് വേണ്ടി വനം വകുപ്പ് ഓഫീസുകളില്‍ പലതവണ കയറിയിങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക കാര്യങ്ങളും നിയമത്തിന്റെ കാര്‍ക്കശ്യവും ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണണം. നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്നത് കൂടി പരിഗണിക്കണം. കയ്യൂക്ക് കാണിച്ച് ജനങ്ങളെ പേടിപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. വന്യ മൃഗങ്ങള്‍ പലപ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുണ്ട്. കാര്‍ഷിക വിളകള്‍ ഉള്‍പ്പടെ നശിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കാര്‍ഷിക വിളകള്‍ ഇന്‍ഷൂര്‍ ചെയ്ത് നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതിന് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രത്യേക കാമ്പയിന്‍ നടത്തണം.

വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കുള്ള പട്ടയലഭ്യത, മറ്റ് നിര്‍മാണ തടസങ്ങള്‍ എന്നിവ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന് വനം-വന്യ ജീവി വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വന്യജീവി ആക്രമണ സാധ്യതയുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫെന്‍സിങ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വനാതിര്‍ത്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യുത ലൈന്‍ സ്ഥാപിക്കല്‍, സഞ്ചാര പാതകളുടെ നിര്‍മാണം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകാനിടയാക്കരുതെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നവര്‍ക്കമുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്ന കാര്യവും പരിശോധിക്കും.

കരുവാരക്കുണ്ട് പഞ്ചായത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷാജിയുടെ കുടുംബത്തിന് ജോലി നല്‍കണമെന്ന എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയില്‍ തടസപ്പെട്ടു കിടന്നിരുന്ന കോളനിവാസികളുടെ വീട് പണി പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വള്ളിക്കുന്ന് മണ്ഡലത്തില്‍ പഞ്ചായത്ത് കൈമാറിയ 20.78 ഹെക്ടര്‍ ഭൂമിയിലെ 38 വീട്ടുകാരുടെ പട്ടയ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയം എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്്റ്റര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുടുബങ്ങളുടെ സാനിധ്യത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കണ്ടല്‍ കാട് വളര്‍ന്ന് കുടുംബത്തിന് വഴി നഷ്ടമായത് സംബന്ധിച്ചും എം.എല്‍.എ മന്ത്രിയെ അറിയിച്ചു.

കൊടികുത്തിമലയുടെ എക്കോ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും മണ്ഡലത്തില്‍ ഭീഷണിയായി മാറിയ പെരുമ്പാമ്പുകളുടെ സാന്നിധ്യം സംബന്ധിച്ചും പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം സംസാരിച്ചു. കൊടികുത്തി മലയില്‍ മൂന്ന് കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. ലഭിച്ച 1.5 കോടി രൂപ ഉപയോഗിച്ച് വാച്ച് ടവര്‍, ഔട്ട്‌പോസ്റ്റ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളാണ് നിലവില്‍ നടപ്പാക്കിയിട്ടുള്ളത്. വെള്ളത്തിന്റെ ലഭ്യതക്കായി കുഴല്‍ കിണര്‍, വൈദ്യുതിക്കായി എട്ട് കിലോവാട്ടിന്റെ സോളാര്‍ പാനലുകള്‍ എന്നിവ ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. വനം-വന്യജീവി വകുപ്പിന്റെ 'സര്‍പ' (SARPA) ആപ്പിലൂടെ 106 അംഗീകൃത പാമ്പ് പിടുത്തക്കാരുടെ സേവനം ജില്ലയില്‍ ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു.

മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്പ് വിദ്യാനഗര്‍ പബ്ലിക് സ്‌കൂളിന് സമീപം വനം വകുപ്പിന് കീഴിലുള്ള ഒരേക്കര്‍ സ്ഥലത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡനും നഗരസഭക്ക് കീഴില്‍ ഒരു കളിസ്ഥലവും നിര്‍മിക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. കുരങ്ങുകളും പന്നികളും വലിയ തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുണ്ട്. കൂടാതെ തെരുവ് നായകളും പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് അഡ്വ. യു.എ ലത്തീഫ് ആവശ്യപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, എ.പി അനില്‍കുമാര്‍, പി. ഉബൈദുള്ള, നജീബ് കാന്തപുരം, അഡ്വ. യു.എ ലത്തീഫ്, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പി.വി അന്‍വര്‍ എം.എല്‍.എയുടെ പ്രതിനിധി വി. ജുനൈസ്, പി.കെ. ബഷീര്‍ എം.എല്‍.എയുടെ പ്രതിനിധി പി. ഇര്‍ഷാദ്, എ.ഡി.എം എന്‍.എം മെഹറലി, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസിറുദ്ദീന്‍, സബ് കലക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date