Skip to main content

മീമീ ആപ്പ് വഴി മത്‌സ്യോത്പന്നങ്ങൾ വാങ്ങാം; തുടക്കത്തിൽ കൊല്ലം ജില്ലയിൽ

മൊബൈൽ ആപ്പിന്റെ സഹായത്തോടെ മത്‌സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആനി ഉത്പന്നം ഏറ്റുവാങ്ങി. കടൽ മത്‌സ്യവും ഉൾനാടൻ മത്‌സ്യങ്ങൾക്കുമൊപ്പം 20ഓളം മൂല്യവർധിത ഉത്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തുടക്കത്തിൽ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടർന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഉത്പന്നങ്ങൾ വീടുകളിലെത്തിച്ചു നൽകും. കൊല്ലത്ത് ഇതിനായി 12 കിയോസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. കിയോസ്‌ക്കുകളിൽ മികച്ച ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിലൂടെ കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് പ്‌ളാന്റിൽ സൗരോർജ സംവിധാനം വഴി മത്‌സ്യം അണുമുക്തമാക്കി ഉണക്കി വിപണിയിലെത്തിക്കുന്ന സംവിധാനത്തിനും തുടക്കമായി. ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ, തീരദേശ വികസന കോർപറേഷൻ എം. ഡി പി. ഐ. ഷേക്ക് പരീത് എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 2948/2021
 

date