Skip to main content

വിദ്യാവനമൊരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്.  പ്രകൃതി സംരക്ഷണത്തിന് വഴികാട്ടിയാകാൻ  കുട്ടികൾക്ക് കഴിയും: മന്ത്രി പി. പ്രസാദ് 

 

ആലപ്പുഴ: പ്രകൃതിയെ കാത്തുസംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്നവർക്കുകൂടി വഴികാട്ടിയാകാൻ കുട്ടികൾക്ക് സാധിക്കുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വനംവകുപ്പ് താമരക്കുളം വി.വി.എച്ച്.എസ്.എസിൽ മിയാവാക്കി മാതൃകയിൽ നിർമിച്ച വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

മനുഷ്യന്റെ ആർത്തി പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, പേമാരി, കൊടുങ്കാറ്റ് എന്നിവ ഇതിന്റെ പരിണിത ഫലമാണ്. വളർന്നു വരുന്ന കുട്ടികൾക്ക് ഇത്തരം പ്രശ്‌നങ്ങൾക്കെതിരേ പോരാടാൻ സാധിക്കും. മുതിർന്നവർ പണത്തിനോടുള്ള ആർത്തിക്കു പുറകേ നടന്ന് മണ്ണും വായുവും ജലവും മലിനപ്പെടുത്തി പ്രകൃതിക്ക് നാശംവിതച്ച് മുന്നോട്ടുപോകുകയാണ്. എന്നാൽ കുട്ടികൾക്ക് വഴികാട്ടികളാകാൻ സാധിക്കും. പ്രകൃതിയോടുള്ള അവരുടെ നിലപാടുകൾ ശക്തമാണെന്നും കുട്ടികളുടെ കൈയിൽ പ്രകൃതി ഭദ്രായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളിൽ അതിസാന്ദ്രതയിൽ നട്ടുവളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. ജലാഗിരണ ശേഷി വർധിപ്പിക്കുക, വൃക്ഷാവരണങ്ങളുടെ വിവിധ തട്ടുകളിൽ വരുന്ന തദ്ദേശീയ ഔഷധച്ചെടികൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, മരങ്ങൾ എന്നിവ അതിസാന്ദ്രതയിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വി.വി.എച്ച്.എസ്. എസിൽ വനം വകുപ്പ് നിർമിച്ച വനം ഡിജിറ്റൽ ലൈബ്രറി കൂടിയാണ്. നെയിം ബോർഡിലെ ക്യു ആർ കോഡ് ആൻഡ്രോയ്ഡ് ഫോണിൽ സ്‌കാൻ ചെയ്താൽ മരത്തിന്റെ പ്രത്യേകത അറിയാൻ കഴിയും. അഞ്ചു സെന്റിൽ 460 വൃക്ഷ തൈകൾ നട്ടാണ് വനം ഒരുക്കിയത്. മുൻ സ്‌കൂൾ മാനേജർ പാലയ്ക്കൽ ശങ്കരൻ നായരുടെ സ്മരണയ്ക്കാണ് കുട്ടിവനം ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലെ ഫോറസ്ട്രി ക്ലബും സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റും ചേർന്നാണ് വന പരിപാലനം.

പദ്ധതിക്ക് നേതൃത്വം കൊടുത്ത വനംവകുപ്പ് റേഞ്ച് ഓഫീസർ ആർ. ഹരികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി. രാധാകൃഷ്ണൻ, ഹരിലാൽ എന്നിവരെ ആദരിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വൈസ് പ്രസിഡന്റ് സിനു ഖാൻ, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് തോമസ് നൈനാൻ, സോഷ്യൽ ഫോറസ്ട്രി ആലപ്പുഴ ഡി.സി.എഫ് കെ. സജി, സ്‌കൂൾ പ്രിൻസിപ്പൽ ജിജി എച്ച്. നായർ, പ്രധാനാധ്യാപിക സുനിത ഡി. പിള്ള, ജനപ്രതിനിധികൾ, സ്‌കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
 

date