Skip to main content

പൊക്കാളി കൃഷി; അന്ധകാരനഴി ഷട്ടറും ഒരു മുട്ടുള്ള പ്രദേശങ്ങളും  മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദർശിക്കും അന്ധകാരനഴി ഷട്ടര്‍ തുറക്കാനും അടയ്ക്കാനും പട്ടണക്കാട് പഞ്ചായത്ത് ആളെ നിയമിക്കും

ആലപ്പുഴ: കുത്തിയതോട് ബ്ലോക്ക് പരിധിയില്‍  വ്യാപകമായുള്ള പൊക്കാളി കൃഷി നേരിടുന്ന പ്രതിസന്ധികൾ എത്രയുംവേഗം പരിഹരിക്കുന്നതിന്  കൃത്യമായ ഇടപെടൽ നടത്താൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ  നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം‍  തീരുമാനിച്ചു. അന്ധകാരനഴി ഷട്ടര്‍ വേലിയേറ്റ-വേലിയിറക്കത്തിനനുസരിച്ച് തുറക്കാനും അടയ്ക്കാനും നടപടി സ്വീകരിക്കും. ഇതിന് പട്ടണക്കാട് പഞ്ചായത്ത് ‍  സ്വദേശിയായ ഒരാളെ നിയമിക്കുന്നതിന് നടപടി എടുക്കും. ഷട്ടര്‍ അടയ്ക്കുന്നതിനും തുറക്കുന്നതിനും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണിത്. മത്സ്യക്കൃഷിയുടെ പേരില്‍ നെല്‍ക്കൃഷി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പാടങ്ങളില്‍ നെല്‍ക്കൃഷി ചെയ്യേണ്ട  സമയത്ത് കൃത്യമായി വെള്ളം വറ്റിക്കാത്തതുമൂലം വെള്ളക്കെട്ട് ഉണ്ടാകുന്നതും പാടത്തിന്റെ സമീപത്തുള്ള വീടുകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഓരു ശല്യവും ബുന്ധിമുട്ടുകളും നേരിടുന്നത് വളരെ ഗൗരവമായാണ് കാണുന്നത്. പട്ടികജാതിക്കാരുള്‍പ്പടെ താമസിക്കുന്ന ഇവിടുത്തെ വീടുകള്‍ ഓരു ശല്യം മൂലം ദുരിതത്തിലാണെന്ന്  മന്ത്രി പറഞ്ഞു. 
മത്സ്യക്കൃഷിയുടെ പേരില്‍ നെല്‍ക്കൃഷി അട്ടിമറിക്കാന്‍ അനുവദിക്കില്ല. ഒരു നെല്ലുും ഒരു മീനും പദ്ധതി സമയക്രമം അനുസരിച്ച് തന്നെ നടപ്പാക്കണമെന്ന് ഉറപ്പാക്കാന്‍ ഫിഷറീസ് വകുപ്പുമായിക്കൂടി ആലോചിച്ച് നടപടി സ്വീകരിക്കും. സമയക്രമം പാലിക്കാതെ പദ്ധതി മത്സ്യക്കൃഷിക്ക് മാത്രമായി അട്ടിമറിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യ കൃഷിയുടെ ആനുകൂല്യം നല്‍കുന്നതിന് നെല്‍ക്കൃഷി ചെയ്തുവെന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും.  അടുത്തയാഴ്ച കൃഷി മന്ത്രിയും കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അന്ധകാരനഴി ഷട്ടറും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും. അതിന് ശേഷം 10 ദിവസത്തിനകം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരു മുട്ടുകള്‍ സമയബന്ധിതമായി ഇടാത്തതും നശിപ്പിക്കുന്നതും പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അടൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍  എന്നീ ഏഴ് പഞ്ചായത്തുകളിലായി 53 പാട ശേഖരങ്ങളിലായി 1098  ഹെക്ടര്‍ പോക്കാളി കൃഷിക്ക് അനുയോജ്യമായ കൃഷി സ്ഥലമാണ് ഉള്ളത്. നെല്‍ കൃഷി ചെയ്യാന്‍ വിസമ്മതിക്കുകയും വെള്ളം വറ്റിക്കുകയോ കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്ന പാടശേഖരസമിതികള്‍ പുനഃസംഘടിപ്പിക്കണമെന്ന കളക്ടറുടെ നേതൃത്വത്തില്‍ മുമ്പ് എടുത്ത തീരുമാനം പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ആര്‍.ശ്രീരേഖ, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, അഡാക്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

date