Skip to main content

ജനകീയ മത്സ്യകൃഷിക്കു തുടക്കമിട്ട്  പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 

 

- പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു 

ആലപ്പുഴ: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വിഷമയമില്ലാത്ത മത്സ്യങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിനായി ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ശുദ്ധജല മത്സ്യമായ കാർപ്പ് വിഭാഗത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് വിവിധ ജലാശയങ്ങളിലായി നിക്ഷേപിച്ചത്. പൊതുജലാശയങ്ങൾക്കു പുറമേ വിവിധ ആരാധനാലയങ്ങളുടെ ജലാശയങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്.

ബ്ലോക്ക് പരിധിയിലെ പദ്ധതി എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്  ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ജീവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.യു. അനീഷ്, അക്വാകൾച്ചർ പ്രമോട്ടർമാരായ സുധീഷ്, സന്തോഷ്, ധനേഷ് ദാസൻ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ വഴി മത്സ്യങ്ങളെ സംരക്ഷിക്കും. തുറവൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. മിനിമോൾ, ചേർത്തല മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സിബി സോമൻ, ചേർത്തല അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന ഡെന്നിസ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.

date