Skip to main content

ലോകമേ തറവാട്' ടൂറിസ വികസനത്തിന് പുതിയ  തുടക്കം നൽകും: ഡോ. വി വേണു 

 

ആലപ്പുഴ: സംസ്ഥാന സർക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സമകാലീന കലാ പ്രദർശനോത്സവം 'ലോകമേ തറവാട്' വേദികളിൽ ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവും പത്നിയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും സന്ദർശനം നടത്തി.  മകൻ ശബരിനാഥും ഒപ്പമുണ്ടായിരുന്നു. ന്യൂ മോഡൽ കയർ സൊസൈറ്റിയിലെ വേദിയിലെത്തിയ അദ്ദേഹം പ്രദർശനത്തിന്റെ എല്ലാ വേദികളും സന്ദർശിച്ച് വൈകുന്നേരത്തോടെയാണ് മടങ്ങിയത്. 

ആലപ്പുഴയെ സംബന്ധിച്ചിടത്തോളം ഇതൊരു ഗെയിം ചെയ്ഞ്ചർ ആണെന്ന് ഡോ. വി വേണു അഭിപ്രായപ്പെട്ടു.  'ലോകമേ തറവാട്' എന്ന  പരിപാടി  ആലപ്പുഴയുടെ ചരിത്രത്തിൽ ഒരു വാട്ടർ ഷെഡ് പോലെ നിൽക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഏത് മേഖലയിലായാലും അന്താരാഷ്ട്ര നിലവാരമുള്ള ഒരു പരിപാടി ആദ്യമായാണ് ആലപ്പുഴയിൽ വരുന്നത്. രണ്ട്, ആ പ്രദർശനം നടക്കുന്നത് ഇത്രയും ചരിത്രവും പൈതൃകവുമൊക്കെയുള്ള ഒരു പ്രദേശത്താണ് എന്നതാണ്. 

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയുടെ ടൂറിസം വികസനത്തിനായി സർക്കാർ ചില പദ്ധതികൾ തുടങ്ങിവച്ചതാണ്. ഇവിടുത്തെ പൈതൃക സ്വത്തുക്കൾ ഏറ്റെടുത്തുകൊണ്ടുള്ള പരിപാടിയാണ് സർക്കാർ ആലോചിച്ചത്. കലയ്ക്ക് പുറമേയുള്ള പദ്ധതികളാണ് അന്ന് ആലോചിച്ചിരുന്നതെങ്കിലും ഈ ഇടം കലാപ്രദർശനത്തിന് അനുയോജ്യമാണെന്ന് തെളിയിക്കാൻ 'ലോകമേ തറവാടി'ന് സാധിച്ചു. ആലപ്പുഴയിലേക്ക് വരുന്നത് ഹൗസ്ബോട്ടിൽ കയറാനും കരിമീൻ കഴിക്കാനും മാത്രമാണ് എന്ന അവസ്ഥ മാറേണ്ടതുണ്ട്. വളരെയേറെ സമയം ചെലവഴിച്ച് പഠിക്കാനും ആസ്വദിക്കാനുമുള്ള ഒരു ഇടം തന്നെയാണ് ഇതെന്നും ഒന്നോ രണ്ടോ ദിവസം കൂടി ചെലവഴിക്കേണ്ടതുണ്ടെന്നുമുള്ള ഒരു സന്ദേശം ഇതിലൂടെ കൊടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാ പ്രദർശനമായി ഇത് മാറുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഡോ. വി വേണു വിലയിരുത്തി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആഗസ്റ്റ് 29ന് 'ലോകമേ തറവാട്' വേദികൾ പ്രവർത്തിക്കുന്നതല്ല. 30ന് പതിവുപോലെ പ്രദർശനം തുടരും.

ഫോട്ടോ ക്യാപ്ഷൻ-ടൂറിസം അഡീ. ചീഫ് സെക്രട്ടറി ഡോ. വി വേണു ആലപ്പുഴയിലെ 'ലോകമേ തറവാട്' വേദികൾ സന്ദർശിച്ചപ്പോൾ
 

date