Skip to main content

പഠനമുറി ധനസഹായവും സ്കോളർഷിപ്പ് വിതരണവും നടത്തി

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിർമിക്കുന്നതിന് ധനസഹായവും പട്ടികവർഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണവും നടത്തി. എസ് സി വിഭാഗത്തിലെ 20 കുട്ടികൾക്ക് 2 ലക്ഷം രൂപ വീതമാണ് നൽകുക. ഇതിൽ 4 കുട്ടികൾക്ക് ആദ്യ ഗഡുവായ 50000 രൂപ വീതം ചടങ്ങിൽ വെച്ച് നൽകി. കൂടാതെ എസ് ടി വിഭാഗത്തിലെ 14 പേർക്ക് 3.3 ലക്ഷം രൂപയും സ്കോളർഷിപ്പായി നൽകും. ഇതിൽ 1.5 ലക്ഷം രൂപ 7 പേർക്കായി ചടങ്ങിൽ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം ആർ രഞ്ജിത്ത് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല ജോർജ് അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ധനസഹായവും സ്കോളർഷിപ്പ് വിതരണവും നടത്തിയത്. 
മറ്റു മേഖലകളിലെന്നപോലെ വിദ്യാഭ്യാസരംഗത്തും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗം പോൾസൺ തെക്കും പീടിക, ഇ കെ സദാശിവൻ, ട്രൈബൽ ഓഫീസർ സജിത, ബി ഡി ഒ പി ആർ അജയഘോഷ്, എസ് സി ഡി ഒ വാലന്റീന തുടങ്ങിയവർ പങ്കെടുത്തു.

date