Skip to main content

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

മെയ് 16 ദേശീയ ഡെങ്കി ദിനാചരണത്തോടനുബന്ധിച്ചു  ജില്ലയില്‍ ഉറവിട നശീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു.  കാച്ചേരി  എം ബി നഗറില്‍ വാര്‍ഡ്  കൗണ്‍സിലര്‍ ഷീബ  അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷനില്‍ നടന്ന   പരിപാടി   കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം എല്‍ റോസി   ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി  തോമസ് മുഖ്യാതിഥിയായി. 
    അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ലതിക സി മുഖ്യപ്രഭാഷണം നടത്തി.  ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ മേജര്‍ ടി.വി  സതീശന്‍,ജില്ലാ മലേറിയ ഓഫീസര്‍ എം എല്‍ ശശി,ജില്ലാ മീഡിയ എഡ്യൂക്കേഷന്‍ ഓഫീസര്‍ ഹരിതാദേവി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍,ആശാപ്രവര്‍ത്തകര്‍,അംഗനവാടി പ്രവര്‍ത്തകര്‍,സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നഴ്സിങ്സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങുന്ന സ്ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് ഉറവിടനശീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
 ഡെങ്കി വാരാചരണത്തിന്‍റെ ഭാഗമായി ജില്ലയിലുടനീളം ഗൃഹസന്ദര്‍ശന  ബോധവത്കരണങ്ങള്‍,സെമിനാറുകള്‍ ബോധവത്കരണ പ്രദര്‍ശനങ്ങള്‍,പൊതുസ്ഥല ശുചീകരണ ക്യാമ്പയിന്‍,മൂവ് ടു  പ്ലാന്‍റ്റേഷന്‍  ക്യാമ്പയിന്‍,സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനസന്ദര്‍ശനം,തുടങ്ങിയ വിവിധ പരിപാടികള്‍ മെയ്  20 വരെ നീണ്ടുനില്‍ക്കും.
    ജില്ലയില്‍ വേനല്‍മഴ ഇടവിട്ട് ലഭിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളം കെട്ടികിടക്കുകയും കൊതുകുകളുടെ  സാന്ദ്രത ക്രമാതീതം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.മറ്റത്തൂര്‍,വെള്ളാനിക്കര,ആലപ്പാട് തുടങ്ങിയ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും 20 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനകം 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജില്ലയില്‍ അകെ 939 കേസുകളും 7 മരണവുമാണ്  റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വര്‍ഷവും ഡെങ്കിപ്പനി ചിക്കന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ മൂലമുള്ള  മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മഴക്കാലമെത്തുന്നതിനു മുന്‍പേ തന്നെ മുന്‍കരുതലായി ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളില്‍  യാതൊരു അലംഭാവവും കൂടാതെ എല്ലാവരും ഏര്‍പ്പെടേണ്ടതാണെന്നു  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date