Skip to main content

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്  മാറ്റുകുട്ടാന്‍ വിവിധ സെമിനാറുകള്‍

 സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 21, 24, 25 തിയതികളില്‍ തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലും സാഹിത്യഅക്കാദമിയിലും വിദ്യാഭ്യാസ, കാര്‍ഷിക, സാഹിത്യ, വ്യവസായ സെമിനാറുകള്‍ സംഘടിപ്പിക്കും. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ അണിനിരക്കുന്ന വിഷയാവതരണവും പൊതുചര്‍ച്ചയും നടക്കും. 
    മെയ് 21 തിങ്കളാഴ്ച രാവിലെ 10  മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ 'പൊതുവിദ്യാഭ്യാസവും കേരള വികസനവും' എന്ന വിഷയത്തിലാണ് വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ആമുഖാവതരണം നടത്തും. ജില്ലാ ആസൂത്രണസമിതി ഗവ.നോമിനി ഡോ.എം.എന്‍. സുധാകരന്‍ വിഷയം അവതരിപ്പിക്കും. തൃശൂര്‍ അര്‍ബന്‍ റിസോഴ്സ് സെന്‍റര്‍ ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ ബെന്നി ജേക്കബ് മോഡറേറ്ററാവും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വ്വാഹകസമിതിയംഗം ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ.എം.ആര്‍. സുഭാഷിണി, കില ഫാക്കല്‍റ്റി ഡോ.പീറ്റര്‍ എം.രാജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. തുടര്‍ന്നു നടക്കുന്ന പൊതുചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, കോളേജ് അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും.  കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലാലി ജെയിംസ് സ്വാഗതവും തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ആര്‍.മല്ലിക നന്ദിയും പറയും. 
    മെയ് 24 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ 'പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും', 'ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍', 'ചക്കയും ആരോഗ്യവും'എന്നീ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയാവും. 
    തുടര്‍ന്ന് 'പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ അഡികേ പത്രികേ എഡിറ്റര്‍ ഡോ. പാദ്രേ, 'ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍'എന്ന വിഷയത്തില്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അഗ്രികള്‍ച്ചറള്‍ എന്‍ജിനീയറിംഗ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.പി.സുധീര്‍, 'ചക്കയും ആരോഗ്യവും' എന്ന വിഷയത്തില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ.ബി. സതീശന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. കെ.എ.യു ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.പി. ഇന്ദിരാദേവി മോഡറേറ്ററാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കോര്‍പ്പറേഷന്‍ വികസന സ്ഥിരം സമിതി അധ്യക്ഷ ഷീബ ബാബു, മാടക്കത്തറ കൃഷി ഓഫീസര്‍ പി.സി.സത്യവര്‍മ്മ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. പൊതുചര്‍ച്ചയില്‍ കര്‍ഷകര്‍, ജനപ്രതിനിധികള്‍, കാര്‍ഷികരംഗത്തെ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കെ.എ.യു ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ജിജു പി.അലക്സ് ക്രോഡീകരിക്കും.  സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും തൃശൂര്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ജയശ്രീ നന്ദിയും പറയും. 
    വൈകീട്ട് 3 മുതല്‍ 5.30 വരെ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ 'ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണവും സാഹിത്യ പശ്ചാത്തലവും 'എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്.രവികുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യ അവതാരകനാകും. പ്രൊഫ. ടി.എ. ഉഷാകുമാരി പ്രഭാഷണം നടത്തും.  സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസറും സെമിനാര്‍ കമ്മിറ്റി കണ്‍വീനറുമായ ടി.ആര്‍. മായ നന്ദിയും പറയും. 
മെയ് 25 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ വ്യവസായ സെമിനാര്‍ സംഘടിപ്പിക്കും. വ്യവസായ-കായിക-യുവജനകാര്യ വകുപ്പ്മന്ത്രി എ.സി.മൊയതീന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 
    തുടര്‍ന്ന് 'പ്രാദേശിക സാമ്പത്തിക വികസനത്തില്‍ അതിസൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ പ്രാധാന്യം', 'സംരംഭകത്വവല്‍ക്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക്', 'കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍ ആക്ട്-2017' എന്നീ വിഷയങ്ങളില്‍ യഥാക്രമം മൈക്കല്‍ തരകന്‍, സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. കെ.എന്‍.ഹരിലാല്‍, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.എം.ബീന ഐ.എ.എസ് എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും. ജില്ലാ ആസൂത്രണസമിതി ഗവ.നോമിനി ഡോ.എം.എന്‍. സുധാകരന്‍ മോഡറേറ്ററാവും. എന്‍.ഐ.പി. എം.ആര്‍ ജോയിന്‍റ് ഡയറക്ടര്‍ ചന്ദ്രബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സുഭാഷിണി, ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജെന്നിടീച്ചര്‍ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുചര്‍ച്ചയില്‍ വ്യവസായികള്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.  അഡ്വ.കെ.രാജന്‍ എം.എല്‍.എ ക്രോഡീകരിക്കും.  ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ഡോ.കെ.എസ്. കൃപകുമാര്‍ നന്ദിയും പറയും.
 

date