Skip to main content

ജലാശയങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനാ സംഘത്തിന് രൂപം നൽകും 

 

എറണാകുളം: ജില്ലയിലെ ജലാശയങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ വകുപ്പുകളും ക്രിയാത്മകമായി ഇടപെടണമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക്. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല മാലിന്യ നിർമാർജന അവലോകന യോഗത്തിൽ ജലാശയങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനാ സംഘത്തിന് രൂപം നൽകാൻ തീരുമാനിച്ചു. കൊച്ചി നഗരത്തിലെ വിവിധ കനാലുകളിലായി 70 മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തിയിട്ടുണ്ട്. 

   കൊച്ചി നഗരത്തിലെ കനാലുകൾ, തോടുകൾ എന്നിവയിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി പോലീസ്, കോർപ്പറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനാ സംഘം പ്രവർത്തനം ആരംഭിക്കും. ജലാശയ  മലിനീകരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശകതമായ നടപടികൾ സ്വീകരിക്കും. മൂവാറ്റുപുഴ, പെരിയാർ നദീതടങ്ങളിലെ മാലിന്യനിക്ഷേപം സംബന്ധിച്ച പഠനം ഉടൻ പൂർത്തിയാക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പദ്ധതിക്ക് രൂപം നൽകണം.  

   ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി പരിശോധന ശക്തമാക്കും. മുൻസിപ്പാലിറ്റികളിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായുള്ള നടപടികൾ ഊർജിതമാക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഖരമാലിന്യ സംസ്കരണ പദ്ധതി പൂർത്തിയാക്കണം. 

   കടമ്പ്രയാർ, ചിത്രപ്പുഴ, കോണത്തുപുഴ എന്നീ ജലാശങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള പ്രത്യേക റിപ്പോർട്ടുകൾ തയാറാക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ നിയമലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്,  ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്  തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

date