Skip to main content

ജനകീയ പ്രശ്നങ്ങൾക്ക് പരിഹാര വേദിയായി  കളമശ്ശേരി നഗരസഭയിലെ പബ്ളിക് സ്ക്വയർ 

 

 

എറണാകുളം : ജനകീയ പ്രശ്നങ്ങൾക്ക് പരിഹാര വേദിയായി വ്യവസായമന്ത്രി പി.രാജീവിന്റെ കളമശ്ശേരി നഗരസഭയിലെ പബ്ളിക് സ്ക്വയർ . ഇത്തരത്തിലുള്ള വേദികൾ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം സമൂഹത്തിന്റെ വികസനത്തിന് വഴി തുറക്കുമെന്നും മന്ത്രി പറഞ്ഞു.  കളമശ്ശേരി നിയോജക മണ്ഡലത്തിൽ തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനായി സ്കൈ എന്ന പേരിൽ നൈപുണ്യ വികസനത്തിന് പദ്ധതി ആരംഭിക്കും. ആകാശമിഠായി എന്ന പേരിൽ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളെ ആദരിക്കുന്നതിനും പദ്ധതി ആരംഭിക്കും . കൂടാതെ പട്ടിക ജാതി പട്ടിക വർഗ്ഗ കോളനികളുടെ വികസനവും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഓഗസ്റ്റ് 30 ന് ഇറിഗേഷൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായും ജനപ്രതിനിധികളുമായും യോഗം ചേരും. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിന്റെയും കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെയും പ്രത്യേക അവലോകന യോഗം ചേരും. ലൈഫ് ഭവന പദ്ധതിക്കായി  മുൻസിപ്പാലിറ്റിയുടെ സ്ഥലം ഉപയോഗിച്ച് വേണ്ട നടപടികൾ സ്വീകരിക്കാനും സുതാര്യമായി നടപ്പാക്കാനും നഗരസഭക്ക് നിർദേശം നൽകി. തരിശായി കിടക്കുന്ന കോക്കനട്ട് ഡെവലപ്മെന്റ്  ബോർഡിന്റെ സ്ഥലത്ത് കൃഷി ഇറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  ഇടപ്പള്ളി ടോൾ - പ്രീമിയർ ജംഗ്ഷൻ റോഡിലെ  മരക്കാർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളുടെ നവീകരണം നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. 

 

 

ഇൻസ്റ്റിട്യൂഷൻ ഹബ്ബായ എച്ച് എം ടി ജംഗ്ഷനിലെ അനധികൃത കയ്യേറ്റ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കുകയും നടപ്പാതകൾ നവീകരിക്കുകയും ചെയ്യണം. കളമശ്ശേരി നഗരസഭാ പരിധിയിൽ വിവിധ ഭാഗങ്ങളിലായി അടിഞ്ഞ് കിടക്കുന്ന എക്കൽ നീക്കം ചെയ്യണം. നഗരസഭാ പരിധിയിൽ ഹോമിയോ  ഡിസ്പെൻസറി ആരംഭിക്കണം. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിൽസ ആരംഭിക്കണം. കളമശ്ശേരി പിഎച്ച്സിയിൽ പ്രാഥമിക ചികിൽസാ സെന്ററും ആംബുലൻസ് സൗകര്യവും ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾ പബ്ളിക് സ്ക്വയറിൽ ജനപ്രതിനിധികളും പൊതുജനങ്ങളും ഉ ന്നയിച്ചു. വിവിധ വകുപ്പ് മേധാവികൾ മുൻസിപ്പാലിറ്റിയിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

കളമശ്ശേരി നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന  പബ്ളിക് സ്ക്വയറിൽ നഗരസഭാദ്ധ്യക്ഷ സീമ കണ്ണൻ, ഡെപ്യൂട്ടി ചെയർപേഴ്സൺ സൽമ അബൂബക്കർ, മുൻ ചെയർമാൻ ജമാൽ മണക്കാടൻ,  സെക്രട്ടറി പി.ആർ ജയകുമാർ ,  കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

date