Skip to main content

ആങ്കയിലോസിസ് സ്പോണ്ടിലൈറ്റിസ് :  കാരുണ്യ ചികിത്സാ സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തണം  

ആങ്കയിലോസിസ് സ്പോണ്ടിലൈറ്റിസ് രോഗത്തെ കാരുണ്യ ചികിത്സാ സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തൃശൂരില്‍ നടന്ന സിറ്റിങില്‍ സംവിധായകന്‍ സൈജോ കണ്ണനായ്ക്കലിന്‍റെ പരാതിയിലാണ് മനുഷ്യവകാശ കമ്മീഷന്‍ അംഗം കെ  മോഹന്‍കുമാര്‍ ഉത്തരവിട്ടത്. ആങ്കയിലോസിസ് സ്പോണ്ടിലൈറ്റിസ് ചികിത്സക്കായി സംസ്ഥാനത്ത് 22 കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചു. 
     പൊതുകിണറുകള്‍ ഉപയോഗയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ തദ്ദേശഭരണ-റവന്യൂ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എരുമപ്പെട്ടി സ്വദേശി കെ കെ മണിവൈദ്യന്‍ നല്‍കിയ പരാതിയിലാണ് നടപടി. 
    ഗുരുവായൂര്‍ ചക്കംകണ്ടം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട്  ഗുരുവായര്‍, ചാവക്കാട് നഗരസഭ സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയ്ക്കും. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം പാടില്ലെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ വസ്തുനിഷ്ഠമാകണമെന്നും കമ്മീഷന്‍ പറഞ്ഞു. പരോളനുവദിക്കില്ലെന്നു കാട്ടി ഒരു തടവുക്കാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
    വരന്തരപ്പിളളിയില്‍ വീടു കയറി ആക്രമിച്ച സംഭവത്തില്‍ എസ് ഐ ക്ക് വീഴ്ച പറ്റിയതായി കമ്മീഷന്‍ നിരീക്ഷിച്ചു. തുടക്കക്കാരനായ എസ് ഐ ക്ക് ജാഗ്രത കുറവുണ്ടെന്ന് കാണിച്ച് ചാലക്കുടി ഡി വൈ എസ് പി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ഒല്ലൂര്‍  പളളി പെരുനാളിന് പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് കാണിച്ച് കെ സി ബൈജു നല്‍കിയ പരാതിയില്‍ കമ്മിഷന്‍ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണറില്‍ നിന്നും വിശദീകരണം തേടി.
    ചുണ്ടലില്‍ ഗൃഹനാഥന്‍ മരിക്കാനിടയായത്  പോലീസ് പീഡനം മൂലമാണന്ന പരാതിയിന്മേല്‍ കുന്നംകുളം സി ഐ ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. ചൂണ്ടല്‍ കളരിക്കല്‍ വീട്ടില്‍ നാരായണന്‍ മരിച്ച സംഭവത്തിലാണ് കമ്മീഷന്‍റെ നടപടി.
    പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന കേസില്‍ ഈ മാസം 24 ന് കമ്മീഷന്‍ ആസ്ഥാനത്ത് പരിഗണിക്കും. എസ് പി, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവരുടെ റിപ്പോര്‍ട്ടും കമ്മീഷന്‍ പരിഗണിക്കും.
    സ്വകാര്യ ബസ്സുകളിലെ സീറ്റുകളുടെ ഘടന മോട്ടോര്‍ നിയമപ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഓട്ടോറിക്ഷകള്‍ നിയമലംഘനം നടത്തുവെന്നും കാട്ടി തൃശൂര്‍ സ്വദേശി ജോര്‍ജ്ജ് ബെന്നി സമര്‍പ്പിച്ച പരാതിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടി. മൊത്തം പരിഗണിച്ച 88 പരാതികളില്‍ 21 എണ്ണം തീര്‍പ്പാക്കി.       

date